തമിഴ്നാട്ടിൽ നിന്നുള്ള കുറുവാ സംഘാംഗത്തെ പിടികൂടിയതോടെ കിടപ്പാടം നഷ്ടമായത് കർണാടക സ്വദേശികൾക്ക്.
മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും.
കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ കുട്ടവഞ്ചിക്കാർ ഇവിടെ താമസം തുടങ്ങിയിട്ടു വർഷങ്ങളായി. ഇവരെയും നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കും. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.
മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറവ സംഘാംഗം സന്തോഷ് സെൽവൻറെ ബന്ധുവാണ് മണികണ്ഠൻ. കുറുവ സംഘത്തിൻറെ മോഷണത്തിൽ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എപ്പോൾ അറിയിച്ചാലും മരട് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് ഇയാൾക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.