മുംബൈ: ഐപിഎല്ലിന്റെ മെഗാ ലേലത്തിനുള്ള കളിക്കാരുടെ അന്തിമ ലിസ്റ്റിൽ ഇടം നേടിയത് 14 മലയാളികൾ.
രണ്ടു ദിവസങ്ങളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ ആകെ 574 താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 336 ഇന്ത്യന്‍ താരങ്ങളാണുള്ളത്. വിദേശ താരങ്ങളായി 208 പേരാണ് ലിസ്റ്റില്‍ ഉള്ളത.
മെഗാ ലേലത്തില്‍ കേരളത്തില്‍ നിന്നുള്ള 14 കളിക്കാരാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ ഐപിഎല്ലില്‍ കളിച്ചവര്‍ മാത്രമല്ല, ഇനിയും ടൂര്‍ണമെന്റില്‍ അരങ്ങേറിയിട്ടില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്.
ലേലത്തിലുള്ള 14 മലയാളി താരങ്ങളില്‍ ഒരാളൊഴികെ ബാക്കിയുള്ളവരുടെയെല്ലാം അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. യുവ ബാറ്റര്‍ ഷോണ്‍ റോജറിനാണ് 40 ലക്ഷം അടിസ്ഥാന വിലയുള്ളത്.
ഓള്‍റൗണ്ടര്‍മാരായ വിഖ്‌നേശ്, വൈശാഖ് ചന്ദ്രന്‍, എസ് മിഥുന്‍, അബ്ദുള്‍ ബാസിത് എന്നിവരുടെയെല്ലം അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.
ബാറ്റര്‍മാരായ അഭിഷേക് നായര്‍, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി എന്നിവരുടെയും അടിസ്ഥാന വില ഇതു തന്നെയാണ്.
വിക്കറ്റ് കീപ്പര്‍മാരായ എം അജ്‌നാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരെയും ഇതേ തുകയ്ക്കു ലേലത്തിന്റെ പൂളില്‍ കാണാം. ഫാസ്റ്റ് ബൗളര്‍മാരായ ബേസില്‍ തമ്പി, കെഎം ആസിഫ് എന്നിവരാണ് ലേലത്തിലെ മറ്റു മലയാളികള്‍.
കഴിഞ്ഞ കേരളാ ക്രിക്കറ്റ് ലീഗില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള പല താരങ്ങളും ലേലത്തില്‍ ഇത്തവണ നറുക്കുവീഴുമെന്ന ശുഭപ്രതീക്ഷയിലാണ്.
ഫൈനലിലുള്‍പ്പെടെ രണ്ടു സെഞ്ച്വറികളുമായി കസറിയ സച്ചിന്‍ ബേബിക്കു ലേലത്തില്‍ തീര്‍ച്ചയായും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കൂടാതെ വെടിക്കെട്ട് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ കുന്നുമ്മലും വലിയ പ്രതീക്ഷയിലാണ്. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റ ഭാഗമായിട്ടുള്ള താരമാണ് അസ്ഹറെങ്കിലും അരങ്ങേറാന്‍ കഴിഞ്ഞില്ല രോഹനാവട്ടെ കഴിഞ്ഞ രണ്ടു ലേലത്തിലും പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒരു ടീമും വാങ്ങാന്‍ തയ്യാറായിരുന്നില്ല.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു വെടിക്കെട്ട് താരമായ വിഷ്ണു വിനോദ്. ബേസില്‍ തമ്പിയും നേരത്തേ മുംബൈ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരമായ കെഎം ആസിഫും ലേലത്തില്‍ ഏതെങ്കിലും ടീം തനിക്കായി രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ്.