കേരളത്തിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ. ഐഎഎസ് തലപ്പത്തെ തമ്മിലടിയ്ക്കും മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പ് നിർമാണത്തിനും പിന്നാലെയാണ് സർക്കാർ കടുത്ത നടപടിയിലേക്ക് കടക്കുന്നത്. Suspension for K. Gopalakrishnan and N. Prasanth
വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനുമാണ് സസ്പെൻഷൻ. ഇരുവർക്കുമെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് നടപടി.
മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് നിർമിച്ചതിനാണു ഗോപാലകൃഷ്ണനെ സസ്‌പെൻഡ് ചെയ്തത്. അഡീഷണൽ ചീഫ സെക്രട്ടറി എ.ജയതിലകിന് എതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയതിനാണു എൻ.പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.
പ്രശാന്ത് സർവീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. സമൂഹമാധ്യമത്തിലൂടെ അഡിഷനൽ ചീഫ് സെക്രട്ടറിയെ തുടർച്ചയായി അധിക്ഷേപിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നു.
വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെക്കുറിച്ചു ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമെന്നുമായിരുന്നു റിപ്പോർട്ടിലെ ശുപാർശ. സംസ്ഥാന സർക്കാരിനെയും ഭരണസംവിധാനത്തെയും പ്രതിസന്ധിയിലാക്കിയ 2 ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടി വേണമെന്നാണ് എൻ.പ്രശാന്ത്, കെ.ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയുള്ള വ്യത്യസ്ത റിപ്പോർട്ടുകളിൽ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തത്.
തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണു ചീഫ് സെക്രട്ടറിക്കു ഗോപാലകൃഷ്ണൻ മുൻപു നൽകിയ വിശദീകരണം. ഹാക്ക് ചെയ്തിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു.