ഗുരുവായൂർ: ക്ഷേത്രത്തിലേത് ഉൾപ്പെടെയുള്ള ജൈവമാലിന്യം നീക്കുന്നതിന് ദേവസ്വം ഒരുമാസം ചെലവിടുന്നത് രണ്ടുലക്ഷത്തോളം രൂപ.
ആനക്കോട്ടയിലാണെങ്കിൽ നാലുലക്ഷത്തിലേറെയും. ദേവസ്വത്തിന്റെ അനുബന്ധസ്ഥാപനങ്ങളിലെ മാലിന്യത്തിന് നൽകേണ്ട തുക ഇതിനു പുറമേയാണ്.
മാലിന്യത്തിനായി ഇത്രയധികം പണം ചെലവിടുന്നത് ഒഴിവാക്കാൻ മാലിന്യം സംസ്‌കരിച്ച് വാതകമാക്കി (സി.എൻ.ജി.) മാറ്റാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ദേവസ്വം.
മംഗലാപുരത്തെ ‘റീടാപ് സൊലൂഷൻസ്’ എന്ന സ്വകാര്യ ഏജൻസിയുമായി ദേവസ്വം ചർച്ച നടത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന്റെ നേതൃത്വത്തിൽ ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും മംഗലാപുരത്തുള്ള സംസ്‌കരണ പ്ലാന്റ് നേരിട്ട് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും ചെയ്തു.
വ്യാഴാഴ്ച ചേർന്ന ദേവസ്വം ഭരണസമിതി യോഗം ഇക്കാര്യം ചർച്ചചെയ്തെങ്കിലും അന്തിമതീരുമാനമെടുത്തിട്ടില്ല. ക്ഷേത്രത്തിലെ പ്രസാദഊട്ടുശാലയിൽനിന്ന് പുറന്തള്ളുന്ന വാഴയിലകൾ, ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറികളുടെ അവശിഷ്ടം, പഴങ്ങൾ, ആനക്കോട്ടയിലെ ആനപ്പിണ്ടം, പനമ്പട്ടയുടെ അവശിഷ്ടങ്ങൾ, ദേവസ്വം സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം തുടങ്ങിയവയാണ് പുതിയ പ്ലാന്റ് മുഖേന സംസ്‌കരിക്കാനുദ്ദേശിക്കുന്നത്.
നിലവിൽ ക്ഷേത്രത്തിലേതുൾപ്പെടെയുള്ള ജൈവമാലിന്യം നഗരസഭയുടെ ഹരിതകർമസേനയാണ് ശേഖരിക്കുന്നത്. ആനക്കോട്ടയിലെ മാലിന്യമെടുക്കാൻ സ്വകാര്യവ്യക്തിക്ക് കരാർ നൽകിയിരിക്കുകയാണ്.
പുതിയ സംസ്‌കരണപദ്ധതി നടപ്പായാൽ ഗുരുവായൂരിൽ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു. ജർമൻ ടെക്‌നോളജി ഉപയോഗിച്ചുള്ള പദ്ധതിയാണിത്. മംഗലാപുരത്ത് പോയി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയെങ്കിലും കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ട്. അതിനായി ഏജൻസിയുടെ ഉത്തരവാദിത്വപ്പെട്ടവരെ ഗുരുവായൂരിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തും.
പ്രസാദഊട്ട് കഴിഞ്ഞുള്ള ഇല, കിലോയ്ക്ക് 10 രൂപയാണ് നഗരസഭ ഈടാക്കുന്നത്. മറ്റ് ജൈവമാലിന്യമാണെങ്കിൽ കിലോയ്ക്ക് അഞ്ചുരൂപയും. ക്ഷേത്രത്തിൽനിന്ന് പ്രതിദിനം ഒന്നര-രണ്ട് ടൺ മാലിന്യം നഗരസഭയുടെ ഹരിതകർമസേന ശേഖരിക്കുന്നു.