കൊച്ചി: മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. കോടതി നടപടികളുടെ റിപ്പോർട്ടിംഗ് സംബന്ധിച്ച ഹർജിയിലാണ് നിരീക്ഷണം.
മാദ്ധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ഉൾപ്പെട്ട അഞ്ചംഗ വിശാല ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
മാദ്ധ്യമങ്ങളുടേത് ഭരണഘടനാപരമായ അവകാശമാണെന്നും അത് കോടതി ഉത്തരവുകളിലൂടെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ മാദ്ധ്യമവിചാരണ പാടില്ലെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
ക്രിമിനൽ കേസുകളിൽ കുറ്റക്കാരെ തീരുമാനിക്കേണ്ടത് മാദ്ധ്യമങ്ങൾ അല്ല, കോടതികളാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ ഏതെങ്കിലും പ്രതിയെ കുറ്റക്കാരനെന്നോ നിരപരാധിയെന്നോ മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നത് ഒഴിവാക്കണം.
മാദ്ധ്യമങ്ങളിലൂടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതികൾക്ക് ഭരണഘടനാ കോടതികളെ സമീപിച്ച് പരിഹാരം തേടാമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.
മാദ്ധ്യമസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായാൽ മാദ്ധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കണം. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശമാണ്.
അത് ഭരണഘടനാപരമായി തന്നെ നിയന്ത്രിക്കണം. വിചാരണ കാത്തുകിടക്കുന്ന കേസുകളിൽ മാദ്ധ്യമങ്ങൾ തീർപ്പുകൽപ്പിച്ചാൽ ഭരണഘടനാപരമായി മാദ്ധ്യമസ്വാതന്ത്ര്യത്തിന് ലഭിക്കുന്ന പരിരക്ഷ ലഭിക്കില്ല.
മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉത്തരവാദിത്വപൂർണമായ സമീപനം ഉണ്ടാകണം. മാദ്ധ്യമങ്ങളെ കോടതിക്ക് നിയന്ത്രിക്കാനാകില്ല, മാദ്ധ്യമങ്ങൾ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.