കൊച്ചി: അപവാദപ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. നാല് വര്‍ഷത്തോളം മഞ്ജു വാര്യര്‍ നിലപാട് അറിയിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു നടി പരാതി നൽകിയത്.(Manju Warrier’s complaint: Case against Sreekumar Menon quashed)
സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ആണ് പരാതി നൽകിയിരുന്നത്. പരാതി തൃശൂർ ടൗണ്‍ ഈസ്റ്റ് പൊലീസിന് കൈമാറി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 2019 ഒക്ടോബര്‍ 23നായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
സംവിധായകൻ ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശത്തോടെ പിന്തുടര്‍ന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭീഷണിപ്പെടുത്തി എന്നതിന് ശ്രീകുമാര്‍ മേനോനെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.