വർക്കലയിൽ ആംബുലൻസ് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങൽ സ്വദേശി അമൽ അശോകൻ (26) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി പത്തരയോടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയുടെ മുന്നിൽ വെച്ചാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മലിനാണ് (25) കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ് (23), സജീർ (23) എന്നിവർക്ക് പരിക്കേറ്റു.
കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ നാലംഗ സംഘം ഹോസ്‍പിറ്റൽ കാഷ്വാലിറ്റിയുടെ മുന്നിൽ, ആംബുലൻസ് ഡ്രൈവർമാരുമായി വാക്ക് തർക്കം ഉണ്ടായി. തർക്കത്തിനൊടുവിൽ സംഘം ഡ്രൈവർമാരെ ആക്രമിക്കുകയും സംഘത്തിൽ ഉണ്ടായിരുന്ന സബീൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയും ചെയ്തു. ശേഷം ഇവർ ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പ്രതികളിലേക്ക് എത്തി. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.
English summary : Ambulance driver stabbed by youths who came for treatment with hand injuries; 4 people in Police custody; The incident happened in Varkala