ജയ്‌പുരിൽ വിദ്യാർഥിനിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിന്റെ കന്റീനിൽ വച്ച് മകൾ സിയയ്ക്ക് വിഷം നൽകിയെന്നാണ് അമ്മ രാജ്കുമാരിയുടെ പരാതി. സിയയുടെ കണ്ണുകളും നഖങ്ങളും ചുണ്ടും നീലനിറത്തിലായിരുന്നുവെന്നും മരണം വിഷം ഉള്ളിൽച്ചെന്നതു മൂലമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഏപ്രിൽ 30ന് നടന്ന സംഭവത്തിൽ അമ്മയുടെ പരാതിയിൽ ഒക്ടോബർ 21ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മകളുടെ വനിതാ സുഹൃത്തും നാലു ആൺകുട്ടികളുമാണ് ഗൂഢാലോചനയുടെ പിന്നിലെന്നാണ് അമ്മയുടെ പരാതി. ഏപ്രിൽ 30ന് പഠിക്കാനായി പോയ സിയ അന്നു വൈകിട്ട് അമ്മയോട് സംസാരിച്ചിരുന്നു. പിന്നീട് മെട്രോ സ്റ്റേഷനിൽ ഗുരുതരനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സിയയ്ക്ക് ഒരു ആൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സുഹൃത്ത് പൊലീസിനെ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് സിയയും സുഹൃത്തുക്കളും ഒരുമിച്ചിരിക്കുന്നത് വ്യക്തമാണ്. സിയയ്ക്കു വിഷം നൽകിയശേഷം മെട്രോയിൽ നിർബന്ധിച്ച് ഇരുത്തുകയായിരുന്നുവെന്നാണ് പരാതി. ആദ്യം പൊലീസ് അസ്വാഭാവിക മരണമെന്നാണ് റജിസ്റ്റർ ചെയ്തത്. കോടതി ഇടപെടലിനെത്തുടർന്ന് കൊലക്കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
English summary : Medical student dies of poison in Jaipur; Police registered a case