ബെംഗളൂരു: കാർവാർ എംഎൽഎ സതീഷ് സെയിലിനെ അറസ്റ്റ് ചെയ്ത് സിബിഐ. അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് നടപടി. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.(Illegal iron ore smuggling case; Karwar MLA Satish Sail arrested)
കാർവാറിലെ ബലേകേരി തുറമുഖത്തു നിന്ന് 11,312 മെട്രിക് ടൺ ഇരുമ്പയിര് വിദേശത്ത് കടത്തിയെന്നാണ് കേസ്. 2010 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ എംഎൽഎ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ അഗ്രഹാര ജയിലിലേക്ക് മാറ്റി. കേസിൽ നാളെ വിധി പറയും.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയ സതീഷ് സെയിൽ മലയാളികൾക്ക് സുപരിചിതനാണ്. കർണാടകയിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസിലാണ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബെലെകെരി തുറമുഖം വഴി അറുപതിനായിരം കോടി രൂപ മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതായിരുന്നു കേസ്. യെദിയൂരപ്പ സർക്കാർ ആടിയുലഞ്ഞ, റെഡ്ഡി സഹോദരൻമാർ പ്രതികളായ ഖനന അഴിമതി കേസിലാണ് ഇപ്പോൾ സതീഷ് സെയിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.