കോഴിക്കോട്: റോഡപകടത്തിൽ ഒരു വർഷം നാലായിരത്തിലധികം ആളുകൾ മരിക്കുന്ന കേരളത്തിൽ റോഡ് സുരക്ഷ സംബന്ധിച്ച നിയമങ്ങൾ ദുർബലമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് മുരളി തുമ്മാരുകുടി. അതിൽ ഏറെയും കുട്ടികളാണ്, അതിൽ പല മരണങ്ങളും കുട്ടികളെ സുരക്ഷിതരാക്കിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നതാണ്.Murali Tummarukudi points out that road safety laws are weak in Kerala, where more than 4,000 people die in road accidents a year.
1962ൽ കണ്ടുപിടിച്ച, കാറുകളിൽ കുട്ടികൾക്കുള്ള സുരക്ഷാ സീറ്റ് കുട്ടികളുടെ ജീവന് വില കൽപിക്കുന്ന സമൂഹങ്ങൾ ഒക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ നിർബന്ധമാക്കിയിരുന്നു. എന്നാൽ, നമുക്ക് 2024 ലാണ് നേരം വെളുക്കുന്നത്. എന്നിട്ടും കുട്ടികളുടെ സേഫ്റ്റി സീറ്റ് നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല. നേരത്തേ ശ്രദ്ധിച്ചിരുന്നെങ്കിൽ ആയിരക്കണക്കിന് കുട്ടികൾ ഇന്ന് ജീവനോടെ ഇരുന്നേനേയെന്നും തുമ്മാരുകുടി പറയുന്നു.
ബൈക്കിൽ കുഞ്ഞിനെയും പിടിച്ച് സ്ത്രീകൾ സൈഡിലേക്ക് തിരിഞ്ഞിരിക്കുന്നത് അതീവ അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത നൂറ്റാണ്ടിലെങ്കിലും അതും നിരോധിക്കുമായിരിക്കുമെന്നും കുറിപ്പിൽ പരിഹസിക്കുന്നു. ‘ബൈക്കിന്റെ പുറകിൽ സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീകൾ! അതിലും അപകടകരമായി ഒന്നേ ഒള്ളൂ, ബൈക്കിൽ കുഞ്ഞിനേയും പിടിച്ച് സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീ. അടുത്ത നൂറ്റാണ്ടിൽ അതും നിരോധിക്കുമായിരിക്കും’.
ഫേസ്ബുക് കുറിപ്പുകളുടെ പൂർണരൂപം:
കുട്ടികളുടെ സുരക്ഷ!
1962 ൽ ആണ് കുട്ടികൾക്കുള്ള സുരക്ഷാ സീറ്റ് കണ്ടുപിടിക്കുന്നത്. കുട്ടികളുടെ ജീവന് വില കല്പിക്കുന്ന സമൂഹങ്ങൾ ഒക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ഇത് നിർബന്ധമാക്കി. നമുക്ക് 2024 ലാണ് നേരം വെളുക്കുന്നത്. നേരത്തേ ശ്രദ്ധിച്ചിരുന്നെങ്കിൽ ആയിരക്കണക്കിന് കുട്ടികൾ ഇന്ന് ജീവനോടെ ഇരുന്നേനേ.
നാട്ടുകാർ സമ്മതിക്കുമോ??. കുട്ടികളെ ചാക്കിൽ കെട്ടി ബൂട്ടിലും കാരിയറിലും കൊണ്ടുപോകുന്ന റീലു കാണേണ്ടി വരുമല്ലോ. ബൈക്ക് പക്ഷെ കുട്ടികൾക്ക് സുരക്ഷിതമല്ല. ഹെൽമെറ്റ് വക്കുന്നത് പരിഹാരവുമല്ല.
ബൈക്കിന്റെ പുറകിൽ സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീകൾ! അതിലും അപകടകരമായി ഒന്നേ ഒള്ളൂ, ബൈക്കിൽ കുഞ്ഞിനേയും പിടിച്ച് സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീ. അടുത്ത നൂറ്റാണ്ടിൽ അതും നിരോധിക്കുമായിരിക്കും.
സുരക്ഷിതരായിരിക്കുക
സമയമായില്ല…
1962 ലാണ് കുട്ടികളെ സുരക്ഷിതരാക്കാനുള്ള ചൈൽഡ് സേഫ്റ്റി സീറ്റ് കണ്ടു പിടിച്ചതെന്ന് പറഞ്ഞല്ലോ. ഇത് കാലം 2024 ആണ്.
റോഡപകടത്തിൽ ഒരു വർഷം നാലായിരത്തിലധികം ആളുകൾ മരിക്കുന്ന സംസ്ഥാനമാണ് കേരളം, അതിൽ ഏറെയും കുട്ടികളാണ്, അതിൽ പല മരണങ്ങളും കുട്ടികളെ സുരക്ഷിതരാക്കിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നതാണ്.
ഇതൊക്കെയാണെങ്കിലും കേരളത്തിൽ ഇന്നും കുട്ടികളുടെ സേഫ്റ്റി സീറ്റ് നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അപൂർവ്വമായി മാത്രമേ ഇത് കേരളത്തിൽ ഉപയോഗിച്ചുകണ്ടിട്ടുള്ളൂ.
മന്ത്രി പറഞ്ഞതിൽ ഒരു കാര്യം മാത്രമാണ് ആശാവഹമായിട്ടുള്ളത്. ചൈൽഡ് സേഫ്റ്റി സീറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സ്വന്തം കുട്ടികളുടെ സുരക്ഷയിൽ താല്പര്യമുള്ള മാതാപിതാക്കൾക്ക് ഇത് വാങ്ങി ഉപയോഗിക്കാവുന്നതാണ്.
സത്യത്തിൽ നിയമം പാലിക്കാനോ ഫൈൻ ഒഴിവാക്കാനോ അല്ലല്ലോ നമ്മൾ കുട്ടികളെ സുരക്ഷിതരാക്കുന്നത്.
സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി