സ്പെഷൽ റിപ്പോർട്ട്
അനിൽ മരിച്ചപ്പോൽ ജോലി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് അന്നത്തെ മന്ത്രി ജി.സുധാകരനടക്കം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് എല്ലാരും കൈമലർത്തി.When Anil Panachuran died, leaders including then minister G. Sudhakaran said that he would give his wife Maya a job
പ്രതിഭ എം.എൽ.എ വഴി മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. എന്നാൽ ഒരു പ്രയോജനവും ഉണ്ടായില്ല. ജോലി നൽകാൻ വ്യവസ്ഥ അനുവദിക്കുന്നില്ല എന്ന മറുപടി പിന്നീട് ലഭിച്ചു.
ഇപ്പോൾ ചിലർക്കൊക്കെ ജോലി നൽകുന്നത് കാണുമ്പോൾ അത് ഏത് മാനദണ്ഡത്തിന് അനുസരിച്ചാണെന്നറിയില്ല.
പാർട്ടിയിലെ ചിലരുടെ കുത്തിത്തിരിപ്പാണ് കാരണമെന്നു ചിലർ പറഞ്ഞു. അനിൽ പനച്ചൂരാനെന്ന മലയാളത്തിലെ പ്രിയ കവിയുടെ ഭാര്യയുടെ വാക്കുകളാണിത്.
എന്താണ് അനിൽ പനച്ചൂരാൻ പാർട്ടിയോടും സർക്കാരിനോടും ചെയ്ത തെറ്റ്. സ്വാഭാവികമായും ഉണ്ടാകുന്ന ചോദ്യമാണ്. അതിനുത്തരം അറിയണമെങ്കിൽ ആദ്യം അനിൽ പനച്ചൂരാൻ ആരാണെന്നറിയണം.
ഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനായിരുന്നു കാവ്യലോകത്തെ പനച്ചൂരാൻ.
കവിത വിപ്ലവവും പാട്ടെഴുത്ത് ജീവിതവുമായിരുന്നു അനില്‍ പനച്ചൂരാന്. സ്വാതന്ത്രൃവും സമത്വവും അതിലലിയാത്ത പ്രണയവുമൊക്കെ കവിതയായി യുവാക്കളില്‍ തീ പടര്‍ത്തിയപ്പോഴും പനച്ചൂരാന്റെ സിനിമാഗാനങ്ങള്‍ അതില്‍ നിന്നൊക്കെ വേറിട്ടു സഞ്ചരിച്ചു.
തന്നില്‍ അലിഞ്ഞുചേര്‍ന്ന കവിത്വം ഒരിക്കല്‍പോലും സിനിമഗാനങ്ങളില്‍ ബോധപൂര്‍വം കലരുവാന്‍ അനുവദിച്ചില്ല. സിനിമാഗാനങ്ങള്‍ക്കായി തുറന്നിട്ട അതിന്റെ സഞ്ചാരപഥങ്ങളിലേക്കു തന്റെ പാട്ടുകളെയും കൂട്ടിക്കൊണ്ടുപോയി.
സംഗീത സംവിധായകര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ അനില്‍ പനച്ചൂരാനെന്ന പേര് പ്രിയപ്പെട്ടതായി മാറിയതും അവിടെയായിരുന്നു. പരന്ന വായനയും ഉള്ളിലെ കവി പകര്‍ന്ന കരുത്തുമാകാം, ആ സിനിമാഗാനങ്ങളൊക്കെ ജീവിതത്തോടു ചേര്‍ത്തു വായിക്കുവാന്‍ കഴിയുന്നവയാക്കി മാറ്റിയത്.
കവിതയുടെ ചോര വീണ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന പാട്ടിന്റെ പൂമരമായിരുന്നു അനില്‍ പനച്ചൂരാന്‍. ബിജിബാല്‍, എം. ജയചന്ദ്രന്‍, മോഹന്‍ സിത്താര തുടങ്ങിയ മുന്‍നിര സംഗീത സംവിധായകരുടെ ഹിറ്റുകളില്‍ ആ പേരും എഴുതി ചേര്‍ക്കപ്പെട്ടു.
ഒരു കാലത്ത് ക്യാംപസ് കൂട്ടായ്മകളിൽ സംഘഗാനം പോലെ മുഴങ്ങിക്കേട്ട ഒരു പാട്ടുണ്ടായിരുന്നു.
വലയിൽ വീണ കിളികളാണു നാം,
ചിറകൊടിഞ്ഞൊരിണകളാണു നാം
വഴിവിളക്കു കണ്ണു ചിമ്മുമീ
വഴിയിലെന്തു നമ്മൾ പാടണം..
സൗഹൃദക്കൂട്ടങ്ങൾ കയ്യടിച്ചു പാടിയ പാട്ട്. കവിയുടെ പേര് അനിൽ പനച്ചൂരാൻ. അന്ന് ആ കവിയെ കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള ചില കവിതാ പ്രേമികൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.
ജോലി അഭിഭാഷകൻ. കവിയരങ്ങുകൾ പരുക്കൻ ശബ്ദം കൊണ്ട് ചൊല്ലിക്കൊഴുപ്പിച്ച ആ താടിക്കാരൻ അതിനോടകം തന്നെ കസെറ്റുകളിലൂടെ നാടെങ്ങും ചെറുപ്പക്കാർക്ക് ഹരമായിരുന്നു.
ചൊൽക്കവിതകളിൽ ഏറെ പ്രശസ്തമായത് വലയിൽ വീണ കിളികൾ തന്നെയായിരുന്നു. പ്രത്യേക ഈണത്തിൽ താളമിട്ടു പാടാൻ പറ്റിയ കവിത. അതു കൊണ്ടു തന്നെ തൊണ്ണൂറുകളിൽ ക്യാംപസുകൾ ഏറ്റെടുത്തു.
കവി പിന്നെയും ഏറെ പ്രശസ്തനാകുന്നത് ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ കണ്ണിൽപ്പെടുന്നതോടെയായിരുന്നു.
2007ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിൽ രാഷ്ട്രീയക്കാരനായ നായകന്റെ ആഭിമുഖ്യം വെളിപ്പെടുത്താൻ ഉൾക്കൊള്ളിച്ച ‘ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം’ എന്ന ഗാനം അനിലിന്റെ തലവര മാറ്റി.
സിനിമാരംഗത്ത് പാടിയഭിനയിച്ചതും പനച്ചൂരാൻ തന്നെയായിരുന്നു. ഇന്നും ഈ ഗാനം കോരിത്തരിപ്പോടെ മാത്രം കേൾക്കുന്ന എത്രയോ പേരുണ്ട് എന്നത് ആ പാട്ടിന്റെ ജനകീയതയ്ക്കു തെളിവാണ്.
ഒട്ടേറെപ്പേരുടെ മൊബൈൽ ഫോണുകളിൽ റിങ്ടോൺ ആയും തിരഞ്ഞെടുപ്പു കാലത്ത് ഇടതു പ്രവർത്തകരുടെ അഭിമാനഗാനം ആയും ‘ചോരവീണ മണ്ണിൽ’ അടയാളപ്പെടുത്തപ്പെട്ടു.

മലയാളികൾ ഏറ്റവുമധികം കേട്ടാസ്വദിക്കുകയും മുഷ്ടി ചുരുട്ടി ആവേശത്തോടെ ഏറ്റുപാടുകയും ചെയ്ത വിപ്ലവഗാനങ്ങളിലൊന്ന്.
‘ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം, ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവേ…’ സിനിമയിലും അല്ലാതെയുമായി മലയാള ഭാഷയിൽ പിറന്ന എക്കാലത്തെയും ജനകീയ സമരഗാനങ്ങളുടെ പട്ടികയിൽ, പുതിയ കാലഘട്ടത്തിൽ നിന്ന് ഇടം നേടാൻ സാധ്യതയുള്ള ഒരേയൊരു ഗാനം.
കണ്ണൂരിലെ ഏതോ ഉൾനാടൻ ഗ്രാമത്തിലെ ഒരു ആസ്ഥാന പാർട്ടി കവി, നാട്ടുകാരുടെ പ്രിയങ്കരൻ, സ്വയമെഴുതിയ ഒരു വിപ്ലവകവിത വേദിയിൽ ആലപിക്കുന്നു. അതായിരുന്നു ‘അറബിക്കഥ’യുടെ (2007) സംവിധായകൻ ലാൽജോസ് മനസ്സിൽ കണ്ട സിറ്റുവേഷൻ.
വരികളെഴുതാൻ ചുമതലപ്പെടുത്തിയത് കവിയായ അനിൽ പനച്ചൂരാനെ. എഴുതിയ കവിത സ്വന്തം ഈണത്തിൽ ചൊല്ലി റെക്കോർഡ് ചെയ്ത് ഫോണിൽ അയച്ചുകൊടുക്കുകയായിരുന്നു പനച്ചൂരാൻ.
അതിഗംഭീരമായിരുന്നു കവിത. സമരവീര്യം മാത്രമല്ല ദാർശനിക മാനങ്ങളുമുണ്ടായിരുന്നു പനച്ചൂരാന്റെ വരികളിൽ.
പുതിയ കാലത്തെ കുറിച്ചുള്ള ചില നിരീക്ഷണങ്ങളും ആശങ്കകളുമൊക്കെ പങ്കുവെക്കുന്നുണ്ട് അദ്ദേഹം. സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകൾ, ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ, രക്തസാക്ഷികൾക്ക് ജന്മമേകിയ മനസ്സുകൾ കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ച്ചയായി തകരുന്നുവോ എന്ന വരികൾ ഉദാഹരണം.
ഏഷ്യാനെറ്റ് ന്യൂസിലെ ടി.എൻ ഗോപകുമാർ പനച്ചൂരാനുമായി നടത്തിയ അഭിമുഖത്തിൽ ഇതൊരു തിരുത്തൽ കവിതയാണെന്നാണ് പറയുന്നത്. ഇത് ചില സഖാക്കൾക്ക് അന്നേ പിടിച്ചിരുന്നില്ല. ഇതു തന്നെയാണ് അവഗണനക്കുള്ള മുഖ്യ കാരണമെന്നാണ് വിലയിരുത്തൽ…
അനിൽ പനച്ചൂരാൻ്റെ കുടുംബം ഇപ്പോൾ
അനിലിന്റെ മരണശേഷം ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മായ ഇന്ന് അറിയപ്പെടുന്ന നൃത്ത അധ്യാപികയാണ്. മുന്നുസ്ഥലങ്ങളിലായി നാടൃവേദ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുന്നു.
സൈക്കോളജിയിലും സോഷ്യോളജിയിലും ബിരുദാനന്തര വിദുദവും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട് മായ. വിങ്ങുന്ന ഓർമ്മകളിൽ നിന്നുകൊണ്ടാണ് കവിയിലൂടെ താൻ നടത്തിയ ജീവിത യാത്രയെ മായ ഓർത്തെടുത്തത്.
മകൾ മൈത്രേയി എം.എസ്.സിക്കു ചേരാൻ തയ്യാറെടുക്കുന്നു. മകൻ പ്ലസ് വണ്ണിനു പഠിക്കുന്നു. അനിലിന്റെ കായംകുളത്തെ വീട്ടിലാണ് മായയും മക്കളും താമസിക്കുന്നത്. അനിലിന്റെ അച്ഛൻ കുറച്ചുവർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. അന്നുമുതൽ അനിലിന്റെ അമ്മ അനിലിന്റെ സഹോദരിക്കൊപ്പമാണ് താമസം.
മായ ഇപ്പോൾ ആ പഴയ മായയല്ല. ഇപ്പോൾ കായംകുളത്തും ഭഗവതിപ്പടിയിലും ചെന്നിത്തലയിലും ക്ലാസ്സുകൾ എടുക്കുന്നുണ്ട്. പ്രാരബ്ദങ്ങൾ ചുമലിലേറ്റിയ മായയാണ് അനിലിൻ്റെ കുടുംബത്തിൻ്റെ നെടുംതൂൺ. കഴിഞ്ഞ ഡിസംബറിൽ പുതിയൊരു കാറു വാങ്ങി.

ഇടവമാസപ്പെരുമഴ പെയ്ത രാവിൽ മായയുടെ കുളിരിനു കൂട്ടായി നിന്ന ആ പൂമരം മരണമെന്ന മഹാസത്യത്തിലേക്ക് നടന്നുപോയിട്ട് മൂന്ന് വർഷം പിന്നിടുമ്പോൾ ഇടനെഞ്ച് തേങ്ങിയെങ്കിലും കവി നൽകിയ ആത്മവിശ്വാസത്തിൽ പടുത്തുയർത്തിയ നിശ്ചയദാർഢ്യത്തിലാണ് മൈത്രേയി എന്ന മകൾക്കും അരുൾ എന്ന മകനും താങ്ങും തണലുമായി മായ ജീവിക്കുന്നത്.
പാട്ടെഴുത്തുകാരന്റെ മേലങ്കിയിൽ മാത്രം അറിയപ്പെട്ട അനിൽ പനച്ചൂരാൻ എന്ന കവി ജീവിതത്തിന്റെ കൊടിപടം താഴ്ത്തുമ്പോൾ വലിയ ബാങ്ക് ബാലൻസ് ഒന്നും ഉണ്ടായിരുന്നില്ല. കവിക്ക് ആകെ കൈമുതലായി ഉണ്ടായിരുന്നത് സ്വന്തം പ്രതിഭാ വിശേഷമായിരുന്നു.
നഷ്ടങ്ങൾ ഒരിക്കലും നമുക്ക് നികത്താൻ കഴിയുന്നതല്ല. അദ്ദേഹമുള്ളപ്പോൾ ഞാനൊന്നും അറിഞ്ഞിരുന്നില്ലെന്ന് മായ പറയുന്നു. എല്ലാ കാര്യവും കൃത്യമായി ഓർത്തു ചെയ്യും.
കാശൊക്കെ അന്നും എന്റെ കൈയ്യിലാണ് കൊണ്ടുതരുന്നത്. എ.ടി.എം കാർഡുപോലും എന്റെ കൈയ്യിലായിരുന്നു തന്നിരുന്നത്. കാശ് ഒരിക്കലും കൈയ്യിൽവെക്കുന്ന സ്വഭാവം അനിലിന് ഉണ്ടായിരുന്നില്ല. യാത്രപോകുമ്പോൾ ആയിരവും ആയിരത്തി അഞ്ഞുറുമൊക്കെ ഞാൻ എ.ടി.എമ്മിൽ പോയി എടുത്തുകൊടുക്കണമായിരുന്നു.
എത്ര ദൂരേക്കു പോയാലും എത്ര ദിവസത്തേക്കു പോയാലും അതിൽ കൂടുതൽ കാശ് കൊണ്ടുപോകില്ല. 2010 മുതലാണ് മായ നൃത്തം പഠിക്കാൻ തുടങ്ങിയത്. അതും മകളോടൊപ്പം തന്നെ. മകളെ പഠിപ്പിക്കാൻ വന്ന ഗുരു തന്നെയായിരുന്ന മായയുടേയും ഗുരു.
അനിലിന് മായ നൃത്തം പഠിക്കുന്നതിൽ വലിയ താത്പര്യമായിരുന്നു. നൃത്ത അരങ്ങേറ്റം അമ്മയും മകളും ഒരുമിച്ചാണ് നടത്തിയത്. പിന്നീട് പല ഗുരുക്കൻമാരുടെ കീഴിൽ നൃത്തം കൂടുതലായി പഠിച്ചു. ഇതോടൊപ്പം കായംകുളത്ത് വീട്ടിൽ ചെറിയ കുട്ടികളെ നൃത്തം പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.
ജീവിതം ഒരു സ്വച്ഛന്ദമായ നദിപോലെ ഒഴുകുന്നതിനിടയിലാണ് 2021 ൽ അനിലിനെ വിധി തട്ടിയെടുത്തത്. രാവിലെ സുഹൃത്തിനൊപ്പം മാവേലിക്കരക്കടുത്തുള്ള ഒരു ക്ഷേത്രത്തിലേക്കു പോയതായിരുന്നു.
രാവിലെ 8.30 ഓടെ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വിവരം അറിഞ്ഞ് മായ എത്തുമ്പോൾ അനിലിനെ മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോവിഡും ബാധിച്ചിരുന്നു.
അവിടെ നിന്ന് കൂടുതൽ ചികിത്സക്കായി ആദ്യം കരുനാഗപ്പള്ളിയിലെ ഒരു ആശുപത്രിയിലേക്കും അവിടെനിന്ന് പിന്നീട് തിരുവന്തപുരത്തെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അവിടെവെച്ച് വൈകീട്ടായിരുന്നു മരണം.
അന്ന് ഞായറാഴ്ചയായതിനാൽ വിദഗ്ദ ഡോക്ടർമാരൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല കോവിഡ് കാലവും.
രോഗം വീഴ്ത്തുന്നതിനു തൊട്ടുമുൻപു വരെയും കർമനിരതനായിരുന്നു അനിൽ. സ്വന്തം സംവിധാനത്തിൽ ഒരു സിനിമയെന്ന സ്വപ്നം ബാക്കിയാക്കിയാണ് അനിൽ പനച്ചൂരാന്റെ വിടവാങ്ങൽ. കാട് എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അനിൽ.
മരിക്കാൻ നേരം മായയോട് ഒന്നേ പറഞ്ഞുള്ളൂ. നീ തളരരുത്. തളർന്നാൽ മക്കൾ വിഷമിക്കും. മക്കളെ ഒരിക്കലും വിഷമിപ്പിക്കരുത്. ആ വാക്ക് മായ ഇന്നും പാലിക്കുന്നു. മായ തളരില്ല.