ആലപ്പുഴ: കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്രയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെ ആലപ്പുഴ കലവൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രഞ്ജിത്തും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സുഭദ്രയുടെ കാലിലെ ബാന്‍ഡേജ് ഉൾപ്പടെയാണ് ഇവർ തിരിച്ചറിഞ്ഞത്. മുട്ടുവേദനയ്ക്ക് സുഭദ്ര ബാന്‍ഡേജ് ഉപയോഗിച്ചിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.(subhadra deadbody identified in alappuzha kalavoor)
ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ ഭാഗങ്ങളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. നൈറ്റി ധരിച്ച് വലതുഭാഗത്തേക്ക് തിരിഞ്ഞു കിടക്കുന്ന രീതിയിലാണ് മൃതദേഹം കുഴിയിൽ നിന്നും കണ്ടെത്തിയത്. മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഒളിവിലാണ്.
സുഭദ്രയുടേത് കൊലപാതകം എന്നുതന്നെയാണെന്ന് പൊലീസ് നിഗമനം. ഇരു കൂട്ടരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നു എന്നും സൂചനകളുണ്ട്. സുഭദ്രയ്ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ജോലിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കടകളിൽ ഉൾപ്പെടെ പണം പലിശക്ക് കൊടുത്ത ദിവസം പലിശ ഈടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു.