കൽപ്പറ്റ: വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം. ഒൻപത് പേർക്ക് പരിക്കേറ്റു. ഉരുൾപൊട്ടലിൽ ഉറ്റവരെല്ലാം നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസനും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇരുവരും വാനിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ജെൻസണെ മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.(9 people including Shruti and Jensen were injured in the accident between the bus and the van)
ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരാണ് വയനാട് ദുരന്തത്തിൽ മരിച്ചത്. അനിയത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് ശ്രുതിക്ക് തിരിച്ചുകിട്ടിയത്. ബന്ധു വീട്ടിലായതിനാൽ മാത്രമാണ് ഉരുൾപൊട്ടലിൽ നിന്ന് ശ്രുതി രക്ഷപ്പെട്ടത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് അപ്രതീക്ഷിത ദുരന്തം ശ്രുതിയെ തേടിയെത്തിയത്.