ന്യൂഡൽഹി: രാജ്യത്തിന്റെ വ്യവസായ മേഖലയിൽ വികസനത്തിന്റെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാർ. Central Government with important announcement of development in the industrial sector of the country
12 പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിലെ പാലക്കാട് അടക്കം 10 സംസ്ഥാനങ്ങളിലായി 12 വ്യവസായ മേഖലകളാണ് വികസിപ്പിക്കുക.
പാലക്കാട്ട് വ്യവസായ സ്മാർട് സിറ്റി തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മിൽ ബന്ധിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് പാലക്കാട്ട് വരുക. 3806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് അനുമതി നൽകിയത്. പാലക്കാട് പുതുശ്ശേരിയിലാണ് സ്മാർട് സിറ്റി വരുക. സേലം–കൊച്ചി ദേശീയപാതയോട് ചേർന്നാണിത്.
ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര–പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്‌രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒർവാക്കൽ, കൊപ്പാർത്തി, രാജസ്ഥാനിലെ ജോധ്പുർ–പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാർട് സിറ്റികൾ വരുന്നത്. ആകെ 28,602 കോടി രൂപയാണ് ചെലവ്.
വികസിത് ഭാരത് പദ്ധതി പ്രകാരമാണ് വ്യവസായ സ്മാർട് സിറ്റികൾ വരുന്നത്. ഇതിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
പദ്ധതികളിലൂടെ 12 ലക്ഷം പേർക്ക് നേരിട്ടും 20 ലക്ഷത്തിലേറെപ്പേർക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കും. രാജ്യത്തെ 100 നഗരങ്ങളിലോ നഗരങ്ങളോട് ചേർന്നോ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് വ്യവസായ പാർക്കുകൾ സ്ഥാപിക്കുമെന്ന് ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.