മാതാപിതാക്കൾക്ക് കൗതുകമുള്ള കാര്യമാണ് കുഞ്ഞുങ്ങളിലെ പല്ലുമുളയ്ക്കുന്ന സമയം. പല്ലു മുളയ്ക്കുന്നതും കുഞ്ഞരിപ്പല്ല് കാട്ടിയുള്ള ചിരിയും ഏവരിലും ഏറെ സന്തോഷവും നൽകും. പല്ല് വരുന്നതിനൊപ്പം തന്നെ കുഞ്ഞ് പലവിധ പ്രതലത്തിലും കടിച്ചും തുടങ്ങും. How to protect baby teeth without getting tooth decay
എന്നാൽ പല്ല് വരാൻ വൈകിയാൽ മാതാപിതാക്കൾക്ക് ആശങ്കയാണ്. ഒരു വയസ് കഴിഞ്ഞിട്ടും പല കുട്ടികളിലും പല്ല് വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പല്ലു മുളയ്ക്കാൻ താമസിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്.
കട്ടിയുള്ള മോണ, കുട്ടിയുടെ വളർച്ചക്കുറവ്, ഹോർമോൺ പ്രശ്‌നങ്ങൾ, അസ്ഥി പ്രശ്‌നങ്ങൾ , സ്ഥാനം തെറ്റി വളരുന്ന പല്ലുകൾ മറ്റുള്ളവയ്ക്ക് തടസമാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് പല്ലു വരുന്നത് വൈകിപ്പിക്കുക. ചില്ലപ്പോൾ രണ്ടോ മൂന്നോ പല്ലുകൾ വൈകി വരുന്നതും കാണാം.
കുഞ്ഞിന് പല്ല് മുളയ്ക്കുന്നതിന് മുൻപ് തന്നെ നേർത്ത കോട്ടൺ തുണി നനച്ച് മോണ മസാജ് ചെയ്തുകൊടുക്കാം. പല്ലുമുളച്ച കുട്ടികൾക്ക് രാത്രിയിൽ പാൽ കൊടുത്ത ശേഷം മൃദുവായ കോട്ടൺ തുണി ഉപയോഗിച്ച് പല്ല് വൃത്തിയാക്കിക്കൊടുക്കാം.
മൃദുവായ ഫിംഗർ ബ്രഷുകൾ ഉപയോഗിച്ചും കുഞ്ഞുങ്ങളുടെ പല്ലുകൾ വൃത്തിയാക്കണം. പാൽക്കുപ്പി ദന്തക്ഷയം എന്നു വിളിക്കപ്പെടുന്ന പല്ലിന്റെ കേടുകൾ കുഞ്ഞുങ്ങളിൽ സാധാരണമാണ്. മുകൾ നിരയിലെ പല്ലുകൾക്കാണ് ഇങ്ങനെ ദന്തക്ഷയം ഉണ്ടാവുക.
രാത്രിയിൽ പാൽകുടിച്ച ഉറങ്ങുമ്പോൾ ഉമിനീര് കുറവായതിനാൽ മുകൾ നിരയിലെ പല്ലുകൾ വൃത്തിയാകാത്തതാണ് പാൽക്കുപ്പി ദന്തക്ഷയത്തിന് കാരണം.
രണ്ടു വയസ് കഴിഞ്ഞ കുഞ്ഞുങ്ങളെ കുഞ്ഞു ബ്രഷ് ഉപയോഗിച്ച് പല്ല് തേപ്പിക്കണം. രാത്രിയിൽ കുടിക്കുന്ന പാലും , മധുരമുള്ള വസ്തുക്കളും പല്ലിൽ പറ്റിയിരുന്ന് ഉമിനീരിലെ മ്യൂസിൻ എന്ന വസ്തുവുമായി ചേർന്ന് പ്ലാക്ക് പിടിയ്ക്കാം.
പ്ലാക്ക് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കാൻ കാരണമാകും. കുട്ടികൾ ഭക്ഷണം കഴിച്ചതിന് ശേഷം പല്ല് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പല്ലുകൾ നിരതെറ്റി വന്നാൽ 12 വയസിന് ശേഷമോ എല്ലാ പല്ലുകളും വന്ന ശേഷമോ ദന്തിസ്റ്റിന്റെ സേവനം തേടി നിര ക്രമീകരിക്കാം.