തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാതിയെ തുടർന്ന് ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് റെയിൽവേ. ചീഫ് ടിടിഇ ജി.എസ്.പത്മകുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയാണ് പിൻവലിച്ചത്. ടിടിഇമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. പത്മകുമാറിനോട് ഡ്യൂട്ടിയിൽ തിരികെ കയറാൻ നിർദേശിച്ചു.(Speaker A.N.Shamseer’s Complaint: Railways takes back suspended TTE)
ജൂലൈ 30ന് വന്ദേ ഭാരത് ട്രെയിനിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പത്മകുമാർ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഡിവിഷണൽ റെയിൽവേ മാനേജർക്ക് പരാതി നൽകിയിരുന്നു. നിയമ വിരുദ്ധമായി സ്പീക്കര്‍ക്കൊപ്പം ഒരാള്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതായാണ് ടിടിഇ പറഞ്ഞത്. എന്നാൽ സ്പീക്കര്‍ക്കൊപ്പം നിയമവിരുദ്ധമായി ആരും യാത്ര ചെയ്തില്ലന്ന് സ്പീക്കറുടെ ഓഫീസ് പിന്നീട് അറിയിച്ചു.
യാത്രയ്ക്കിടെ സ്പീക്കറെ കണ്ട സുഹൃത്ത് സംസാരിക്കാന്‍ എത്തിയതാണ് ടിടിഇ ചോദ്യം ചെയ്തത്. ഉടന്‍ പോകുമെന്ന് പറഞ്ഞെങ്കിലും അപമര്യാദയായി പെരുമാറി. സ്പീക്കറാണെന്ന് പറഞ്ഞെങ്കിലും പെരുമാറ്റം തുടർന്നതിനാലാണ് പരാതി നൽകിയതെന്നും സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.