കോട്ടയം: പന്ത്രണ്ടു വർഷത്തിനു ശേഷം റെേക്കാഡ് മറികടക്കാനൊരുങ്ങി റബർ വില. റബർ ബോർഡ് ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു വ്യാപാരം നടന്നു. കോട്ടയത്തു തന്നെ ചുരുക്കം ചില വ്യാപാരികൾ 245 രൂപയ്‌ക്കു വരെ വ്യാപാരം നടത്തിയതായും സൂചനയുണ്ട്. 2011- 02 സാമ്പത്തിക വർഷത്തിൽൽ രേഖപ്പെടുത്തിയ 283 രൂപയാണു ചരിത്രത്തിലെ റബറിന്റെ ഏറ്റവും ഉയർന്ന വില. നിലവിലെ സാഹചര്യത്തിൽ ഈയാഴ്‌ച തന്നെ വില 247 തൊടുമെന്ന സൂചനയാണു ലഭ്യമാകുന്നത്.Rubber prices set to break record after 12 years
ഏതാനും ദിവസങ്ങളായി വിലയിൽ കിലോയ്‌ക്ക് ശരാശരി 2-3 രൂപയുടെ വർധന രേഖപ്പെടുത്തുന്നുണ്ട്. പ്രതികൂല കാലാവസ്‌ഥയെത്തുടർന്നുണ്ടായ ചരക്കുക്ഷാമമാണ് വില ഉയർച്ചയ്‌ക്കുള്ള പ്രധാന കാരണം. വില കുതിച്ചുയരുമ്പോഴും വിപണിയിൽ എത്തുന്ന ചരക്കിന്റെ അളവ് കുറവാണ്.
സാധാരണ ആഭ്യന്തര വില കുതിക്കുമ്പോൾ രാജ്യാന്തര വിലയും മുന്നേറുന്ന പ്രവണതയാണു കണ്ടിരുന്നതെങ്കിൽ ഇത്തവണ സാഹചര്യം വ്യത്യസ്‌തമാണ്. രാജ്യന്തര വില ആഭ്യന്ത വിലയേക്കാൾ 50 രൂപ പിന്നിലാണ്. ഇന്നലെ ആർ.എസ്.എസ്. 4 ഗ്രേഡിന്റെ ബാങ്കോക്ക് വില 198.82 രൂപയായിരുന്നു.
മഴയ്‌ക്ക് 10 ദിവസത്തെ ഇടവേള ലഭിച്ചു ടാപ്പിങ്ങ് സജീവമായാൽ വ്യവസായികൾ വിപണിയിൽ നിന്നു വിട്ടു നിന്ന് വിലയിടിക്കാനുള്ള നീക്കം നടത്തുമെന്ന ഭയവും വ്യാപാരികൾക്കുണ്ട്. ഈ സാഹചര്യത്തിൽ, ലഭിക്കുന്ന ചരക്ക് പരമാവധി വേഗത്തിൽ വിറ്റൊഴിയുകയാണു ചെറുകിട വ്യാപാരികൾ. ഇറക്കുമതി റബർ ചില തുറമുഖങ്ങളിൽ എത്തിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.
ഒട്ടുപാൽ വിലയും റെക്കോഡിലേക്ക് എത്തുന്നുവെന്നാണു സൂചനകൾ. നല്ലതുപോലെ ഉണങ്ങിയ ഒട്ടുപാൽ നൽകുന്ന കർഷകന് 155 രൂപ വരെ ലഭിക്കും. 150 രൂപയ്‌ക്ക് മിക്കയിടങ്ങളിലും വ്യാപാരം നടക്കുന്നുണ്ട്. മില്ലുകാർ 170 രൂപയ്‌ക്കാണ് ഒട്ടുപാൽ വാങ്ങുന്നത്. 2012ൽ ഒട്ടുപാൽ വില 180 രൂപയിൽ എത്തിയിരുന്നു. അതേസമയം, ലാറ്റക്‌സ് വില ഇന്നലെ 3 രൂപ കുറഞ്ഞ് 245 രൂപയിൽ എത്തി.