പാനൂർ : ചട്ടം ലംഘിച്ച് പണിത സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ഇരഞ്ഞീൻ കീഴിൽ വാർഡ് പതിനാലിലെ ഓഫിസാണ് അനധികൃതമായും നിയമം ലംഘിച്ചും നിർമിച്ചെന്നു കാണിച്ച് പൊളിക്കാൻ ഉത്തരവിട്ടത്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഹൈകോടതി ഉത്തരവ് നൽകിയത്.High Court order to demolish CPM branch committee office
സി.പി.എം ഇരഞ്ഞീൻ കീഴിൽ ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിലുള്ള ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ ഇ.എം.എസ് സ്മാരക വായനശാലയും മുകൾനിലയിൽ എ.കെ.ജി മന്ദിരവുമാണ് പ്രവർത്തിക്കുന്നത്.
കെട്ടിടം അനധികൃതമായും ചട്ടം ലംഘിച്ചുമാണ് നിർമിച്ചതെന്നാരോപിച്ച് മുസ്‍ലിം ലീഗ് ഇരഞ്ഞീൻ കീഴിൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കെ. ഷബീർ, സ്വാലിഹ് കൂരോറത്ത്, പി.കെ. സഹദുദ്ദീൻ, എ.എ. അഷ്റഫ് അലി, റഫീഖ് കളത്തിൽ എന്നിവർ ഹൈകോടതിയിൽ നൽകിയ റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്.
കോടതി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് പെർമിറ്റ് എടുക്കുകയോ കംപ്ലീഷൻ പ്ലാൻ, കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുകയോ ചെയ്തിട്ടില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വം കോടതിയെ സമീപിച്ചിട്ടുണ്ട്.