അബുദാബി: പ്രവാസി ലോകത്തിന് കൂടുതൽ സന്തോഷം പകരുന്ന വാർത്തകളുമായി അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ശനിയാഴ്‌ച നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാരനായ തുഷാർ ദേശ്‌കറിനാണ് ഭാഗ്യം തെളിഞ്ഞത്.Abu Dhabi Big Ticket Draw brings more joy to the expatriate world
തന്റെ ഭാഗ്യ നമ്പറായ മൂന്നിൽ തുടങ്ങുന്ന ടിക്കറ്റ് എടുത്ത് കാത്തിരുന്ന തുഷാറിനെ ഭാഗ്യദേവത കനിഞ്ഞപ്പോൾ പെട്ടിയിലായത് 15 മില്യൺ ദിർഹം.
അബുദാബിയിൽ താമസിക്കുന്ന ഇയാൾ കഴിഞ്ഞ മൂന്ന് മാസമായി ന്യൂമറോളജിയിലും ജ്യോതിഷത്തിലും താൽപ്പര്യം പ്രകടിപ്പിക്കുകയും 3 അടക്കം ചില നമ്പറുകളുള്ള നറുക്കെടുപ്പ് ടിക്കറ്റുകൾ വാങ്ങുകയും ചെയ്‌തിരുന്നു.
അപ്രതീക്ഷിതമായ ഈ നേട്ടം അദ്ദേഹം ടിക്കറ്റ് വാങ്ങിയ മൂന്ന് സുഹൃത്തുക്കളുമായി പങ്കെടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അഞ്ച് വർഷമായി യുഎഇയിൽ ജോലി ചെയ്‌തു വരികയാണ് തുഷാർ. “ഞാൻ 2019ലാണ് യുഎഇയിൽ എത്തിയത്, എന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഞങ്ങൾ ഏകദേശം 1-2 വർഷമായി ടിക്കറ്റ് വാങ്ങുന്നു. ഇത്തവണ ഞങ്ങളുടെ നമ്പറിന് തന്നെ ഭാഗ്യമുണ്ടായി” ഒരു സ്വകാര്യ മേഖലയിലെ കമ്പനിയിലെ ടെക്‌നിക്കൽ കൺസൾട്ടന്റായ തുഷാർ പറഞ്ഞു.
ബിഗ് ടിക്കറ്റിന്റെ ‘ബൈ 2 ഗെറ്റ് 1 ഫ്രീ’ പ്രമോഷനിലൂടെയാണ് തുഷാർ ഓൺലൈനായി ഈ വിജയിച്ച ടിക്കറ്റ് വാങ്ങിയത്. ജൂലൈ 31ന് വാങ്ങിയ 334240 എന്ന ടിക്കറ്റ് നമ്പരിലാണ് അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞത്.
ടിക്കറ്റുകൾ വാങ്ങുന്നതിലും അത് തിരഞ്ഞെടുക്കുന്നതിലും ന്യൂമറോളജി പിന്തുണച്ചിട്ടുണ്ടെന്നാണ് തുഷാർ വ്യക്തമാക്കുന്നത്, കൂടാതെ ജ്യോതിഷവും സഹായിച്ചുവെന്ന് തുഷാർ ചൂണ്ടിക്കാട്ടി.
“ന്യൂമറോളജിയെയും ജ്യോതിഷത്തെയും അടിസ്ഥാനമാക്കി ഞാൻ കുറച്ച് സംഖ്യകൾ തിരഞ്ഞെടുത്തു. ഇത്തവണ അത് സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. ജ്യോതിഷത്തെ അടിസ്ഥാനമാക്കി, എനിക്ക് ഭാഗ്യമുള്ള സംഖ്യകളാണ് ഞാൻ തിരഞ്ഞെടുത്തത്, എന്റെ ഭാഗ്യ നമ്പർ മൂന്ന് ആയിരുന്നു” തുഷാറിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ടിക്കറ്റ് വിജയത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തനിക്ക് സോഷ്യൽ മീഡിയയി ധാരാളം പേരുടെ ഫ്രണ്ട് റിക്വസ്‌റ്റ് വരുന്നുണ്ടെന്നും കൂടുതൽ തനിക്ക് പരിചയമില്ലാത്ത ആളുകളുടേതാണെന്നും തുഷാർ പറഞ്ഞു. ഈ നേട്ടത്തോടെ ബിഗ് ടിക്കറ്റ് വാങ്ങൽ നിർത്തില്ലെന്നാണ് തുഷാർ പറയുന്നത്. ഭാഗ്യപരീക്ഷണം ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസവും ബിഗ് ടിക്കറ്റ് ഏറ്റവും വിലയേറിയ സമ്മാനമായി 15 മില്യൺ ദിർഹം വാഗ്‌ദാനം ചെയ്യുന്നു. ടിക്കറ്റ് വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിലോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്‌റ്റോർ കൗണ്ടറുകൾ സന്ദർശിക്കുകയോ ചെയ്‌താൽ മതി.