10 പേരുമായി കളിച്ചിട്ടും ചങ്കൂറ്റത്തോടെ പൊരുതിയ ഇന്ത്യ, ബ്രിട്ടനെ തോൽപ്പിച്ച് ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയിൽ പ്രവേശിച്ചു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം.(India defeats Britain in penalty shootout in Olympic men’s hockey semi-finals:)
മത്സരത്തിലുടനീളം വൻമതിൽ പോലെ ഇന്ത്യൻ ഗോൾമുഖത്ത് നിലയുറപ്പിച്ച ശ്രീജേഷിനാണ് ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്.
ശ്രീജേഷിന്റെ സേവുകളാണ് 10 പേരായി ചുരുങ്ങിയ ഇന്ത്യയെ പലപ്പോഴും മത്സരത്തിൽ നിലനിർത്തിയത്. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിലും രക്ഷകനായത് ശ്രീജേഷ് തന്നെ.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
ഷൂട്ടൗട്ടിൽ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് ‘സൂപ്പർമാനാ’യതോടെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയവും സെമിയിൽ സ്ഥാനവും.
52 വർഷം നീണ്ട കാത്തിരിപ്പിനു ശേഷം ഒളിംപിക്സ് വേദിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതിന്റെ ആവേശമടങ്ങും മുൻപാണ് ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യയുടെ സെമി പ്രവേശം.
നേരത്തെ, ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും (22-ാം മിനിറ്റ്) ബ്രിട്ടനായി ലീ മോർട്ടനും (27–ാം മിനിറ്റ്) നേടിയ ഗോളുകളാണ് മത്സരം നിശ്ചിത സമയത്ത് സമനിലയിൽ എത്തിച്ചത്.