തൃശൂർ: രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പന മറിച്ചിട്ട് കാട്ടുകൊമ്പൻ കബാലി. ഒടുവിൽ പടക്കം പൊട്ടിച്ച് ആനയെ തുരത്തി മരം മുറിച്ചുമാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിലാണ് വീണ്ടും കബാലി വാഹനം തടഞ്ഞത്. ഷോളയാർ പെൻസ്റ്റോക്കിന് സമീപത്തായാണ് ഗതാഗതം തടസപ്പെട്ടത്.Kattukkompan Kabali turned his palm in front of the ambulance that took the patient
പന കുത്തി മറിച്ചിട്ട് തിന്നുകയായിരുന്ന ആനയെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പടക്കം പൊട്ടിച്ചാണ് തുരത്തിയത്. ഇത് ആദ്യമായല്ല കബാലി സമാന രീതിയിൽ അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ ഗതാഗത തടസമുണ്ടാക്കുന്നത്. കഴിഞ്ഞ മാസം രണ്ട് തവണ കബാലി ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.
അടുത്തിടെ കബാലി വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിക്കാൻ ശ്രമിച്ചിരുന്നു. നിരവധി തവണയാണ് കബാലി വാഹനങ്ങൾക്ക് നേരെ ആക്രമിക്കാനായി എത്തിയിട്ടുള്ളത്. തലനാരിഴ്ക്ക് വലിയ അപകടങ്ങൾ ഒഴിവായിട്ടുണ്ട്. പ്രദേശത്ത് സ്ഥിരം ശല്യക്കാരനായ കബാലിയെ മാസങ്ങൾക്ക് മുൻപ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റിവിട്ടിരുന്നു. എന്നാൽ വീണ്ടും മലക്കപ്പാറ മേഖലയിലേക്ക് കാട്ടാന തിരികെ എത്തിയിരിക്കുകയാണ്.