ഡൽഹി: പട്ടിക ജാതി- പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകി സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്. കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് പ്രത്യേകം സംവരണം അനുവദനീയമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി.(Supreme Court allows sub-classification in SC, ST for quota)
എന്നാൽ ഉപസംവരണം നല്‍കുമ്പോള്‍ ആകെ സംവരണം 100ല്‍ അധികരിക്കരുതെന്നും സുപ്രിം കോടതി പറഞ്ഞു. വ്യക്തതയുള്ള രേഖകളുടെ അടിസ്ഥാനത്തിലാവണം ഉപസംവരണത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പു നല്‍കുന്ന തുല്യതാ അവകാശത്തിന് വിരുദ്ധമല്ല ഉപസംവരണമെന്ന് ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കി.
പട്ടിക ജാതി-പട്ടിക വർഗ്ഗ സംവരണ ക്വോട്ടയിൽ ഉപസംവരണം പാടില്ലെന്ന 2004 ലെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിയാണ് ഏഴംഗ ബഞ്ച് തിരുത്തിയത്. ഇതുവഴി പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങൾ നൽകിയ ഉപസംവരണം സുപ്രീം കോടതി ശരിവെച്ചു. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ആറ് ജഡ്ജിമാരും ഉപസംവരണത്തെ അനുകൂലിച്ചു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരാണ് ചീഫ് ജസ്റ്റിസിനൊപ്പം നിലപാടെടുത്തത്. ജസ്റ്റിസ് ബെല എം ത്രിവേദി ഉപസംവരണത്തെ എതിര്‍ത്തു.