തിരുവനന്തപുരം∙ എറണാകുളം പിറവത്ത് അതിഥി തൊഴിലാളിയെ പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി വി.ശിവൻകുട്ടി. വിഷയം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ലേബർ കമ്മിഷണർക്ക് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി നിർദേശം നൽകി.Minister V. Sivankutty intervened in the case of a guest worker being kept in a kennel at Ernakulam.
പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോടു ചേർന്ന പട്ടിക്കൂട്ടിൽ അതിഥി തൊഴിലാളിയായ ശ്യാം സുന്ദർ വാടകയ്ക്കു താമസിക്കുന്നതു വാർത്തയായതോടെയാണ് മന്ത്രിയുടെ നടപടി.
മൂന്നു മാസമായി ശ്യാം സുന്ദർ 500 രൂപ വാടക നൽകി പട്ടിക്കൂട്ടിലാണു താമസിക്കുന്നത്. സമ്പന്നന്റെ വീടിനു പുറകിലുള്ള പഴയ വീട്ടിൽ അതിഥി തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്നുണ്ട്.
അവിടെ താമസിക്കാൻ പണമില്ലാത്തതിനാലാണു 500 രൂപയ്ക്കു പട്ടിക്കൂടിൽ താമസിക്കുന്നതെന്നാണു ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ശ്യാം സുന്ദർ പറയുന്നത്.
നാലുവർഷമായി ശ്യാം സുന്ദർ കേരളത്തിലെത്തിയിട്ട്. പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാർഡ് ബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാൻ പൂട്ടുമുണ്ട്.
അടുത്തുള്ള വീട്ടിൽ വാടകക്കാർ ഉണ്ടെന്നും ശ്യാം സുന്ദർ പട്ടിക്കൂടിലാണോ കഴിയുന്നതെന്ന് അറിയില്ലെന്നും വീട്ടുടമ പ്രതികരിച്ചു. വീട്ടുടമയുടെ വീടിനോട് ചേർന്നാണ് പട്ടിക്കൂട്. സംഭവമറിഞ്ഞ നഗരസഭാ അധികൃതർ സ്ഥലത്തെത്തിയിരുന്നു.