മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവിൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍ റഫീക്കിന്റെ മകന്‍ ആഷിക്ക് (23), ചിയ്യാനൂര്‍ സ്വദേശി മേച്ചിനാത്ത് കരുണാകരന്റെ മകന്‍ സച്ചിൻ (23) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ചിയ്യാനൂര്‍ സ്വദേശി പ്രസാദിനെ (26) നാട്ടുകാര്‍ രക്ഷപ്പെടുത്തി. (Two youths met a tragic end in Changaramkulam in Malappuram district)
സുഹൃത്തുക്കളായ ഇവർ മൂന്ന് പേരും കൂടി തോണിയുമായി കായലില്‍ ഇറങ്ങിയതായിരുന്നു. താഴ്ചയുള്ള ഭാഗത്ത് എത്തിയതോടെ തോണി മറിഞ്ഞു. ചതുപ്പ് നിറഞ്ഞ ഭാഗത്ത് നീന്താന്‍ കഴിയാതെ മൂവരും മുങ്ങിത്താഴ്ന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രസാദിനെ കണ്ടെത്തി രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റി. ആഷിക്കിനെയും,സച്ചിനേയും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. അധികം വൈകാതെ സച്ചിനെയും കണ്ടെത്തുകയായിരുന്നു.