മലപ്പുറം: ഇരിമ്പിളിയം മങ്കേരിയിൽ വീട്ടിൽക്കയറി 26 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. വല്ലപ്പുഴ സ്വദേശിയായ നൗഷാദാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഈ മാസം മൂന്നിന് പുലർച്ചെയാണ് മങ്കേരി സ്വദേശി മുഹമ്മദലിയുടെ വീട്ടിൽ മോഷണം നടന്നത്.The accused in the case of breaking into the house and stealing 26 pav of gold was arrested
മോഷണം നടത്താൻ വീട്ടിലേയ്ക്ക് കടന്ന ശൈലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്. വീട്ടുടമയുടെ പരാതിയിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.
വീട് കുത്തിതുറന്ന് മോഷണം നടന്ന പഴയകാല കേസുകളിലെ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തിലാണ് സംശയം നൗഷാദിലേക്ക് നീണ്ടത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വിൽക്കുകയും പണയം വെയ്ക്കുകയും ചെയ്തു എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
അടുക്കളയുടെ ഗ്രിൽ തകർത്താണ് പ്രതി നൗഷാദ് വീടിനകത്ത് കയറിയത്. മുഹമ്മദലിയും ഭാര്യയും സഹോദരിയുമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ മോഷണ കേസുകൾക്ക് തുമ്പുണ്ടാക്കാൻ സാധിക്കുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്.