ക്ലാസും മാസ്സും നേർക്കുനേർ പോരാടിയ മത്സരത്തിൽ ഫ്രാൻസിനെ മടക്കി സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ മത്സരം ജയിച്ചുകയറിയാണ് സ്പാനിഷ് യുവത്വം ഫൈനലിന് ടിക്കറ്റെടുത്ത്. ഒമ്പതാം മിനിറ്റില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. (Spain beat France in finals; Yamal and Olmo as stars)
ഒമ്പതാം മിനിറ്റില്‍ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെതിരേ ലമിന്‍ യമാലിലൂടെയും ഡാനി ഓല്‍മോയിലൂടെയും സ്‌പെയിന്‍ തിരിച്ചടിക്കുകയായിരുന്നു.യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തമാക്കിയാണ് സ്‌പെയിനിന്റെ ഫൈനലിലേക്കുള്ള മാർച്ച്.
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ പലവട്ടം പിറകിൽ നിന്നിട്ടും അർജന്റീനക്കെതിരെ ഒപ്പമെത്തിയ വീര്യം ഇത്തവണ പുറത്തെടുക്കാനാവാതെ വന്നതോടെ ഫ്രഞ്ചുപട ഫൈനൽ കാണാതെ പുറത്തായി. ജര്‍മനിക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് സ്‌പെയിന്‍ ഇറങ്ങിയത്. സസ്പെന്‍ഷന്‍ കാരണം പുറത്തിരിക്കുന്ന റൈറ്റ് ബാക്ക് ഡാനി കാര്‍വഹാലിനും സെന്റര്‍ ബാക്ക് റോബിന്‍ ലെ നോര്‍മന്‍ഡിനും പകരം ജെസ്യൂസ് നവാസും നാച്ചോയുമെത്തി. മധ്യനിരയില്‍ പരിക്കേറ്റ പെഡ്രിക്ക് പകരം ഡാനി ഒല്‍മോ ഇറങ്ങി.
ഫ്രഞ്ച് ടീമില്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് അഡ്രിയന്‍ റാബിയോട്ട് തിരിച്ചെത്തിയപ്പോള്‍ അന്റോയിന്‍ ഗ്രീസ്മാന് പകരം ഉസ്മാന്‍ ഡെംബലെയും ആദ്യ ഇലവനില്‍ ഇടംനേടി.കളിയുടെ ഗതിക്ക് വിപരീതമായിട്ടായിരുന്നു മത്സരത്തിലെ ആദ്യ ഗോളിന്റെ പിറവി. ഒമ്പതാം മിനിറ്റില്‍ ബോക്‌സിന്റെ ഇടതുഭാഗത്തു നിന്ന് സമയമെടുത്ത് കിലിയന്‍ എംബാപ്പെ ഉയര്‍ത്തി നല്‍കിയ പന്ത് ഹെഡറിലൂടെ കോലോ മുവാനി വലയിലാക്കുകയായിരുന്നു.
. 21-ാം മിനിറ്റില്‍ കിടിലന്‍ ഷോട്ടിലൂടെ 16-കാരന്‍ ലമിന്‍ യമാല്‍ സ്‌പെയിനിനെ ഒപ്പമെത്തിച്ചു. 25-ാം മിനിറ്റില്‍ വീണ്ടും സ്പെയിൻ സ്കോർ ചെയ്തു. വലതുഭാഗത്തുനിന്ന് ജെസ്യുസ് നവാസ് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഫ്രഞ്ച് താരം വില്യം സാലിബയില്‍ നിന്ന് പന്ത് ബോക്‌സില്‍ ഡാനി ഓല്‍മോയുടെ പക്കല്‍. വെട്ടിത്തിരിഞ്ഞ് ഓല്‍മോ അടിച്ച പന്ത് തടയാന്‍ യൂള്‍സ് കുണ്‍ഡെ കാലുവെച്ചിട്ടും ഫലമുണ്ടായില്ല. പന്ത് വലയില്‍.
രണ്ടാം പകുതിയിൽ തുടർച്ചയായ പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ വല കുലുക്കാനാവാതെ വന്നതോടെ ഫ്രഞ്ച് പട കൂടാരം കയറി. ഫൈനലിലേക്ക് മാർച്ച് ചെയ്ത് സ്പെയിനും.