രാത്രി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒട്ടേറെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നുണ്ട്. ആരാണ് ഡ്രൈവർമാർ എന്ന് അറിയാറുമില്ല. പലപ്പോഴും ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ ചാർജിന്റെ പേരിൽ തർക്കവും ഉണ്ടാകാറുണ്ട്. യാത്രക്കാരുടെ നേരെയുണ്ടാകുന്ന വഴക്കുകളും പിടിച്ചുപറിയും വേറെ. എന്നാൽ,ഇതിനെല്ലാം പരിഹാരം ആകുകയാണ് ഇപ്പോൾ. (railway auto service starting at railway stations in kerala)
റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ നിയന്ത്രണത്തിൽ ഓട്ടോ സർവീസ് ആരംഭിക്കുന്നു. കണ്ണൂർ റയിൽവേ സ്യേഷനിലാണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായി സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് റെയിൽവേ, നമ്പർ അടങ്ങിയ സ്റ്റിക്കർ പതിപ്പിക്കുന്നത് 8 ന് ആരംഭിക്കും.
യാത്രക്കാരുടെ സൗകര്യാർഥമാണ് പെർമിഷൻ ഫോർ കാർട് ലൈസൻസി സംവിധാനം ഏർപ്പാടാക്കുന്നതെന്നു റയിൽവേ അധികൃതർ പറഞ്ഞു. 120 ഓട്ടോറിക്ഷകൾക്ക് ആദ്യ ഘട്ടത്തിലും തുടർന്ന് 50 ഓട്ടോറിക്ഷകൾക്ക് അടുത്ത ദിവസവും സ്റ്റിക്കർ നൽകും. റെയിൽവേ സ്റ്റേഷന്റെ മുൻവശത്താണ് പാർക്ക് ചെയ്യുക. ഓട്ടോറിക്ഷകൾക്ക് അവരുടെ സൗകര്യം അനുസരിച്ച് ഏതു സമയവും പാർക് ചെയ്യാം. കാമറ നിരീക്ഷണവും ഉണ്ടാകും.
റയിൽവേ ഓട്ടോയുടെ പ്രത്യേകതകൾ ഇവയാണ്:
കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന പൊലീസ് സാക്ഷ്യപത്രം ഉള്ളവർ മാത്രമേ പദ്ധതിയിലേക്കുള്ള ഡ്രൈവർമാരായി നിയോഗിക്കപ്പെടൂ.
ഏത് സമയത്തും യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയാൽ അവരെ വീടുകളിലേക്ക് കൊണ്ടു പോകുന്ന വാഹനം എളുപ്പത്തിൽ തിരിച്ചറിയാനാകും.
യാത്രക്കാരുടെ സാധന സാമഗ്രികൾ മറന്നു പോവുക, യാത്രയ്ക്കിടെ കവർച്ചയ്ക്കോ മോഷണത്തിനോ അക്രമത്തിനോ ഇരയാവുക തുടങ്ങിയവ സംഭവിച്ചാൽ യാത്രക്കാരൻ സഞ്ചരിച്ച ഓട്ടോറിക്ഷ തിരിച്ചറിയാൻ സ്റ്റിക്കർ ഉപയോഗപ്പെടും
യാത്രക്കാരിൽ നിന്ന് പരാതിയുണ്ടായാൽ പിന്നീട് ഡ്രൈവർമാർ റെയിൽവേയുടെ സേവനത്തിൽ നിന്ന് പുറത്താക്കപ്പെടും.
റെയിൽവേ സ്റ്റേഷനു മുന്നിലുള്ള ഓട്ടോ പാർക്കിങ് കേന്ദ്രത്തിൽ ഈ ഓട്ടോറിക്ഷകൾക്കു മാത്രമേ പാർക്ക് ചെയ്തു യാത്രക്കാരെ കയറ്റാനാകൂ.
പദ്ധതി ആരംഭിച്ചാൽ പുറത്ത് നിന്നുള്ള ഓട്ടോറിക്ഷകൾക്ക് റെയിൽവേ സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തി യാത്രക്കാരെ ഇറക്കുകയല്ലാതെ കോംപൗണ്ടിൽ നിന്ന് പുതുതായി യാത്രക്കാരെ എടുക്കാനാകില്ല.









