ബ്രിട്ടൻ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് കോട്ടയം സ്വദേശി സോജൻ ജോസഫ്. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിലാണ് ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി സോജൻ ജോസഫ് വിജയിച്ചത്. ഈ സ്ഥാനം വഹിക്കുന്ന യുകെയിലെ ആദ്യ മലയാളിയാണ് കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനായ സോജൻ. (A native of Kottayam captured the sitting seat of the Conservative Party in the British elections)
കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ആഷ്‌ഫോർഡിൽ 1779 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സോജൻ ജോസഫ് വിജയിച്ചത്. സോജൻ 15262 വോട്ടും കൺസർവേറ്റീവ് സ്ഥാനാർഥി ഡാമിൻ ഗ്രീൻ 13483 വോട്ടും നേടി. ബെംഗളുരൂവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ 2002 മുതൽ പൊതുരംഗത്ത് പ്രവർത്തിക്കുന്നു. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്‍റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് .
കോട്ടയം മാന്നാനം കെ.ഇ. കോളജിലെ പൂർവവിദ്യാർഥിയായ ഇദ്ദേഹം, ”എൻഎച്ച്എസ് സേവനങ്ങൾ, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിതച്ചെലവ് തുടങ്ങിയ നിർണായകമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും, സമൂഹത്തിന് വേണ്ടി നിലകൊള്ളാനും മുഴുവൻ സമയ എംപിയെ നമുക്ക് ആവശ്യമാണ്” എന്ന പ്രസ്താവനയുമായാണ് മത്സരരംഗത്ത് എത്തിയത്. ഭാര്യ- ബ്രൈറ്റ ജോസഫ്. മക്കൾ വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു.