ലീപ്സിഗ്: അവിശ്വസനീയമായ തിരിച്ചുവരവിലൂടെ ക്രൊയേഷ്യയുടെ മോഹങ്ങളെ തട്ടിത്തെറിപ്പിച്ച് ഇറ്റലി.Italy in the pre-quarters
98 മിനിറ്റ് വരെ ഒരുഗോളിന് മുന്നിൽ നിന്ന ക്രൊയേഷ്യയെ ഫൈനൽ വിസിലിന് സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ സമനിലയിൽ കുരുക്കി പ്രീക്വാർട്ടർ പിടിക്കുകയായിരുന്ന ഇറ്റലി.
55ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിലൂടെ ക്രൊയേഷ്യയും 98ാം മിനിറ്റിൽ മാറ്റിക സക്കാഞ്ഞിയുലൂടെ ഇറ്റലിയും ഗോൾ നേടി. ഇതോടെ ഗ്രൂപ്പ് ബിയിൽ സ്പെയിനിന് പിന്നിൽ നാല് പോയിന്റുമായി രണ്ടാമതായി ഇറ്റലി പ്രീക്വാർട്ടറിൽ കയറി.
രണ്ടുപോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ക്രൊയേഷ്യ പ്രീക്വാർട്ടറിലെത്താൻ വിദൂര സാധ്യത മാത്രമാണുള്ളത്.
കളിയിൽ മോഡ്രിച്ച് സീറോയിൽനിന്ന് ഹീറോയിലേക്ക് ഉയർന്നത് മുപ്പത് സെക്കൻഡ് വ്യത്യാസത്തിലാണ്. 54-ാം മിനിറ്റിൽ ക്രൊയേഷ്യക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ഇറ്റലിയുടെ ബോക്സിനുള്ളിൽ പന്ത് ലഭിച്ച ക്രൊയേഷ്യയുടെ ക്രമാറ്റിച്ച് ഷോട്ടെടുക്കാൻ ശ്രമിച്ചു.
പന്ത് ഇറ്റലിയുടെ ഡേവിഡ് ഫ്രാറ്റെസിയുടെ ഇടംകൈയിൽ തട്ടിയതോടെ റഫറി പരിശോധനയിലൂടെ പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത മോഡ്രിച്ച് പന്തടിച്ചതും ഇറ്റാലിയൻ ക്യാപ്റ്റൻ ഡോണറുമ്മ ചാടിയതും ഒരേ വശത്തേക്ക്.
ഗോളപകടത്തിൽനിന്ന് ഇറ്റലിയെ ഡോണറുമ്മ രക്ഷിച്ചു. വലതുവശത്തേക്ക് മോഡ്രിച്ച് പായിച്ച ഷോട്ട് ഡോണറുമ്മ ചാടി തട്ടിയകറ്റുകയായിരുന്നു.
ഒരു മിനിറ്റിനകം മോഡ്രിച്ച് തന്നെ ഗോൾ നേടി പാഴാക്കിയ പെനാൽറ്റിക്ക് പരിഹാരം ചെയ്തു. ഡോണറുമ്മ നേരത്തേ സേവ് ചെയ്ത പെനാൽറ്റിയിൽനിന്ന് പന്ത് കൈവശപ്പെടുത്തിയ ക്രൊയേഷ്യ, വീണ്ടും ബോക്സിലേക്ക് തന്നെ അടുത്തു.
ആന്റെ ബുദിമിർ തൊടുത്ത ഷോട്ട് ഡോണറുമ്മ വീണ്ടും തടുത്തെങ്കിലും ബോക്സിലുണ്ടായിരുന്ന മോഡ്രിച്ച് അത് വലയിലേക്ക് തിരിച്ചുവിട്ടു (1-0).
എന്നാൽ കളി ജയിച്ചെന്ന് ക്രൊയേഷ്യ ഏതാണ്ട് ഉറപ്പിച്ചിരിക്കവേ, ഇറ്റലിയുടെ തിരിച്ചടിയുണ്ടായി. 98-ാം മിനിറ്റിൽ ഇറ്റാലിയൻ താരം കാലഫയോറി പന്തുമായി മുന്നോട്ട് കുതിക്കുകയും ബോക്സിൽ ഇടതുവശത്ത് സക്കാഗ്നിക്ക് കൈമാറുകയും ചെയ്തു.
സക്കാഗ്നി അത് ഗോൾക്കീപ്പർ ലിവാക്കോവിച്ചിന് മുകളിലൂടെ വലയുടെ വലതുമൂലയിലേക്കെത്തിച്ചു (1-1). ഇതോടെ ഇറ്റലി നോക്കൗട്ട് കടന്നു. മത്സരത്തിൽ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും പ്രയോജനപ്പെടുത്താനായിരുന്നില്ല.
ഗ്രൂപ്പ് ബി യിൽ മൂന്ന് കളിയിൽ മൂന്ന് ജയവുമായി സ്പെയിൻ ഒന്നാമതാണ്. ഓരോന്നുവീതം ജയവും സമനിലയും തോൽവിയുമായി ഇറ്റലി രണ്ടാമതും രണ്ട് സമനിലയും ഒരു തോൽവിയുമായി ക്രൊയേഷ്യ മൂന്നാമതുമാണ്. മൂന്ന് കളികളിൽ ഒരു സമനിലയും രണ്ട് തോൽവികളുമായി അൽബേനിയ പ്രീക്വാർട്ടർ കാണാതെ പുറത്തായി.