തമിഴ്‌നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെയാണ് കടലൂരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍. (Kallakurichi hooch tragedy: Main Accused Arrested; The death toll rises to50)
പിടിയിലായ ചിന്നദുരൈ വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. അതിനിടെ വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന എട്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. 90 ഓളം പേര്‍ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്. ഒട്ടേറെപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു രൂപയ്ക്ക് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് മദ്യം വിറ്റിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്യാനുമായി റിട്ടയേഡ് ജഡ്ജിയെ ഏകാംഗ കമ്മീഷനായി തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.