കൊച്ചി: കുവൈറ്റിൽ മരിച്ച മലയാളികളുടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.25 നാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിയത്. എയർ ഫോഴ്സിൻ്റെ സി 30 ജെ വിമാനത്തിലാണ് 23 മലയാളികളുടെയും, 7 തമിഴ് നാട്ടുകാരുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹങ്ങൾ കൊണ്ടുവന്നത്.(kuwait tragedy; dead bodies reached at kochi airport)

മൃതദേഹങ്ങൾ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും മറ്റു മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങും. വിമാനത്താവളത്തിൽ പൊതു ദർശനത്തിന് ശേഷം ഇവിടെ സജ്ജമാക്കിയ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും.
കുവൈറ്റിലേക്കു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി പോകേണ്ടിയിരുന്ന മന്ത്രി വീണാ ജോർജ് കേന്ദ്രാനുമതി കിട്ടാതിരുന്നതിനാൽ അവസാനനിമിഷം യാത്ര ഉപേക്ഷിച്ചു. നിയമസഭാ സമുച്ചയത്തിൽ 14ന് രാവിലെ 9.30നു നടക്കേണ്ടിയിരുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ടു മൂന്നിലേക്കു മാറ്റി.
തെക്കൻ കുവൈറ്റിലെ മംഗഫിലിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി കുവൈറ്റ് അധികൃതർ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരായ 21 പേരുൾപ്പെടെ ആകെ 45 ഇന്ത്യക്കാരാണു മരിച്ചതെന്നാണു കുവൈത്ത് പുറത്തുവിട്ട കണക്ക്.
കുവൈത്തിൽ മരിച്ച ഇതരസംസ്ഥാനക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട ഡെന്നി ബേബി കൊല്ലം കരുനാഗപ്പള്ളി ആലുംതറമുക്ക് സ്വദേശിയാണ്. നാലുവർഷം മുൻപാണു കുവൈത്തിലെക്ക് പോയത്. സംസ്കാരം മുംബൈയിൽ നടക്കും. 9 മലയാളികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നു നോർക്ക അറിയിച്ചു.