ഒന്നര വർഷത്തിനു മുൻപ് ട്രെയിൻ തട്ടി മരിച്ച വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമാർട്ടം നടത്തി
വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ ഗണപതിപുരം അമ്പാടിയിൽ പ്രസന്ന(65)യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മകൻ സന്തോഷിന്റെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കോടതി നിർദേശത്തെ തുടർന്ന് ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. (The body of Richa’s housewife was taken out and re-postmortem was conducted)
ചിറയിൻകീഴിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് 2022 ഓഗസ്റ്റ് 30ന് പോയ പ്രസന്നയെ അടുത്ത ദിവസം റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസിന്റെ തിടുക്കം അസ്വാഭാവികത നിറഞ്ഞതായിരുന്നുവെന്നും അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പരാതി നൽകിയത്.
ഫലമുണ്ടാകാതെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കേസിനെ സംബന്ധിച്ച് ഹൈക്കോടതി ഉത്തരവോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് പൊലീസിൽ നിന്നു ലഭിച്ചതെന്ന് സന്തോഷ് പറയുന്നു. ഇതോടെ കുടുംബാംഗങ്ങൾ വീണ്ടും ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്.
നെടുമങ്ങാട് തഹസിൽദാർ സജീവ് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നാസറുദ്ദീൻ, ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥ ഡോ. സ്മിത എന്നിവർ ഇന്നലെ വലിയകട്ടയ്ക്കാൽ ഗണപതിപുരത്ത് പ്രസന്നയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തു സാംപിൾ ശേഖരിച്ചു. തുടർ അന്വേഷണമുണ്ടാകും.