നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിൽ സുപ്രധാന മന്ത്രിസ്ഥാനങ്ങളിൽ ബിജെപി തന്നെ തുടർന്നേക്കുമെന്ന് സൂചന. തെലുങ്കുദേശം പാർട്ടി, ജെഡിയു, എൽജെപി എന്നിവർക്ക് ഡിമാൻഡുകൾ ഉന്നയിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും പ്രധാന വകുപ്പുകൾ തുടരാനാണ് ബിജെപിയുടെ തീരുമാനം എന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (BJP will lead in important departments in the third Modi cabinet)
ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകൾ ആണ് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ നീക്കം. എന്നാൽ, ഈ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനങ്ങളിലേക്ക് സഖ്യകക്ഷികളെ പരിഗണിക്കാൻ സാധ്യതയുണ്ട്. ഒറ്റയ്ക്ക് ഭരണം അസാധ്യമായ നിലയ്ക്ക് അങ്ങനെയല്ലാതെ നിലനിൽപ്പില്ല എന്നതും ശ്രദ്ധേയമാണ്.
രണ്ടാം മോദി മന്ത്രിസഭയിൽ അശ്വിനി വൈഷ്ണവ് റെയിൽവേ, ഐടി മന്ത്രിയും അർജുൻ രാം മേഘ്‌വാൾ നിയമമന്ത്രിയുമായിരുന്നു. ഇവർ തന്നെയാണോ സ്ഥാനങ്ങളിൽ തുടരുകയെന്നതിൽ സ്ഥിരീകരണമില്ല. ആഭ്യന്തരം അമിത് ഷായും പ്രതിരോധം രാജ്നാഥ് സിങ്ങും ധനകാര്യം നിർമല സീതാരാമനും വിദേശകാര്യം എസ്.ജയ്ശങ്കറുമാണ് കാബിനറ്റ് മന്ത്രിമാരായിരുന്നത്. ഇത് അതേപടി നിലനിർത്തിയേക്കും.