തൃശൂർ∙ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് വർധിപ്പിക്കുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു.
തൃശൂർ പൂരത്തിന് രാത്രി വെടിക്കെട്ട് നടക്കാതെ പോയതാണ് സുരേഷ് ഗോപിക്ക് വീണ്ടും മുൻതൂക്കം നൽകിയതെന്ന വിലയിരുത്തൽ സിപിഐയ്ക്കുണ്ട്. കേരളത്തിലെ ഭരണ മുന്നണിയുടെ സ്ഥാനാർത്ഥിയെന്ന നിലയിൽ വി എസ് സുനിൽകുമാറിന് അത് വലിയ തിരിച്ചടിയായി. സംസ്ഥാനത്തെ പ്രധാനപ്പെട്ട ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തൃശൂരിലുണ്ടായിരുന്നു.എക്സിറ്റ്പോൾ പ്രവചനങ്ങൾ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലോക്സഭയിലേക്ക് താമര ചിഹ്നത്തിൽ കേരളത്തിൽ നിന്നും ആരും ജയിച്ചിട്ടില്ല. സുരേഷ് ഗോപി ചരിത്ര വിജയം നേടുമെന്ന് എല്ലാ സർവ്വേകളും പ്രചവിക്കുമ്പോൾ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലിൽ വി മരുളീധരനും വിജയം നൽകുന്ന ദേശീയ ചാനലുകളുണ്ട്. ഇരുവരും കേന്ദ്രമന്ത്രിമാരാണ്. സുരേഷ് ഗോപിക്കൊപ്പം ഈ രണ്ടു പേരും ജയിച്ചാലും കേന്ദ്ര മന്ത്രിയാകാനുള്ള ആദ്യ പരിഗണന സുരേഷ് ഗോപിക്കാകും പ്രധാനമന്ത്രി നൽകുക.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും നാളുകൾക്ക് മുൻപെ വോട്ടർമാരുടേയും രാഷ്ട്രീയ നിരീക്ഷകരുടേയും ചർച്ചാ വിഷയമായ മണ്ഡലമാണ് തൃശൂർ. ഔദ്യോഗിക പ്രഖ്യാപനത്തിനും മുൻപ് എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി പ്രചരണം തുടങ്ങിയിരുന്നു. എക്‌സിറ്റ് പോളിലും സുരേഷ് ഗോപിക്കായിരുന്നു മുൻതൂക്കം. എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നതോടെ കേരളത്തിലെ സ്ഥാനാർത്ഥികളിൽ തിളങ്ങും താരമായി സുരേഷ് ഗോപി മാറിയിരുന്നു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുന്ന പ്രവചനങ്ങൾ എല്ലാ എക്സിറ്റ് പോളുകളും ഉയർത്തിയതോടെ തൃശൂരിന് ഒരു കേന്ദ്രമന്ത്രി ഉറപ്പാണെന്ന വിലയിരുത്തലും വന്നു.
ബിജെപിക്ക് തുടർഭരണം പ്രവചിക്കുന്ന സാഹചര്യത്തിലാണ് ഇത്. എക്സിറ്റ്പോൾ ഫലം വരുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ വിളി എത്തുകയും തൃശൂരിലെ പ്രവർത്തനത്തിൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇതിന്റെ ആവേശത്തിൽ നടൻ നിൽക്കുമ്പോഴാണ് എക്സിറ്റ് പോളും വിജയ പ്രതീക്ഷ നൽകിയത്. ഇതോടെ സുരേഷ് ഗോപിയോട് മാധ്യമങ്ങളിൽ നിന്നും മറ്റും അകലം പാലിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം നിർദ്ദേശിച്ചു. ഇത് അനുസരിച്ച് അടുത്ത ബന്ധുക്കൾക്കൊപ്പം രഹസ്യ ഇടത്തിലേക്ക് താരം മാറി. ഫലപ്രഖ്യാപനം വന്ന ശേഷം നാലു മണിക്ക് ശേഷമേ ഇനി മാധ്യമങ്ങൾക്ക് മുന്നിൽ സുരേഷ് ഗോപി എത്തൂ. അതിനിടെ സുരേഷ് ഗോപി ജയിക്കുന്ന പ്രവചനങ്ങൾ ഇടതു മുന്നണിയിലും പലവിധ ചർച്ചകൾക്ക് വഴിയൊരുക്കും.
സുരേഷ് ഗോപിയുടെ വരവോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഐ രണ്ടാം സ്ഥാനത്തായി.
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്. മുൻമന്ത്രികൂടിയായ സുനിൽകുമാറിനെ എൽഡിഎഫ് രംഗത്തിറക്കിയതോടെ മത്സരം കനത്തു. ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ.
Read Also: അമേത്തിയിൽ സ്മൃതി ഇറാനി പിന്നിൽ; കോൺഗ്രസ് തിരിച്ചു പിടിക്കുമോ?