തിരുവനന്തപുരം: തുരുമ്പു പിടിച്ച് ഉപയോഗ ശൂന്യമായ വാഹനങ്ങൾ വിറ്റ് പണമാക്കാൻ പോലീസ് വകുപ്പ്. ഓടുന്ന വാഹനങ്ങൾക്ക് പോലും ഇന്ധനമടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസ്. ഇതിനായുള്ള പണം ലഭിക്കുന്നില്ല.ആയിരം പൊലീസ് വാഹനങ്ങളാണ് കഴിഞ്ഞ ആറു മാസത്തിനിടെ ഉപയോഗശൂന്യമായി കിടക്കുന്നത്. കട്ടപ്പുറത്തായ വാഹനങ്ങളെയും കേസിൽ പിടിച്ചിട്ടിരിക്കുന്ന വാഹങ്ങളെയുമെല്ലാം വിറ്റ് പണമാക്കാനായുള്ള ശുപാർശ ഡിജിപി തന്നെയാണ് സർക്കാരിന് നൽകിയത്.
ഉപയോഗ ശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ അടുത്തിടെ വിജിലൻസ് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ആക്രിവാഹനങ്ങൾക്ക് അത്ര മാർക്കറ്റില്ലാത്തത് കൊണ്ട് തന്നെ വണ്ടി വാങ്ങാൻ ആരും വന്നില്ല. ഓടിത്തളർന്നതും തുരുമ്പെടുത്തതുമായ പൊലീസ് വാഹനങ്ങൾ വിൽക്കാൻ വയ്‌ക്കുമ്പോൾ ഇനി എന്താകുമെന്ന് കണ്ടറിയണം.
ആക്രി വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവായി. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന നിയമം കൂടിയായപ്പോൾ ആക്രിവണ്ടികളുടെ എണ്ണം പെരുകി. മൂല്യനിർണയം നടത്താൻ പൊലീസിലെ മോട്ടോർ ട്രാൻപോർട്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന് പോകുന്ന ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽ നിന്നാണിപ്പോൾ പണമെടുക്കുന്നത്. ഇത് കേസന്വേഷണത്തെ പോലും ബാധിക്കുന്ന അവസ്ഥയിലാണ്.
കോടതി നടപടിക്ക് ആവശ്യമില്ലാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നതിന് നിയമപരമായി തടസ്സമില്ലെന്നിരിക്കെ കോടികൾ വരുമാനം വരുമെന്നാണ് ശുപാർശയിൽ പറയുന്നത്. മൂല്യം നിർണയിച്ചാൽ ലേലത്തിലേക്ക് കടക്കും.
Read Also: കനത്ത ജാഗ്രത, വടകരയിൽ പ്രത്യേക സേനാവിന്യാസം; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ