കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ. പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങി. ഒടുവിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അറസ്റ്റ് വാറന്റ്പുറപ്പെടുവിച്ചു.
നടപടി അധാർമികമായ വ്യാപാര രീതിയാണെന്നും വീട്ടമ്മയ്ക്ക് 65,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഗാർഹിക കുടിവെള്ള കണക്ഷൻ 2018 മെയ് മാസത്തിലാണ് എടുത്തത്. അന്നുമുതൽ ജനുവരി 2019 വാട്ടർചാർജ് നൽകി. എന്നാൽ വെള്ളം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പല പ്രാവശ്യം വാട്ടർ അതോറിറ്റിയുടെ ഓഫീസുകളിൽ കയറി ഇറങ്ങി. വാട്ടർ അതോറിറ്റിയുടെ മെയിൻ ഡിസ്ട്രിബൂഷൻ ലൈനിന്റെ അവസാന ഭാഗത്ത് വരുന്നതിനാൽ പരാതിക്കാരിയും അയൽക്കാരും ഏറെ ജലദൗർലഭ്യം അനുഭവിക്കുന്നുവെന്നും വാട്ടർ അതോറിറ്റി ബോധിപ്പിച്ചു.
വെള്ളം ലഭിച്ചില്ലെങ്കിലും യാതൊരുവിധ പരാതിയും ഉന്നയിക്കില്ലെന്ന് പരാതിക്കാരി തന്നെ എഴുതി നൽകിയിട്ടുണ്ട് എന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തിയ വാട്ടർ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ തൃപ്പൂണിത്തുറ എസ്എച്ച്ഒ ക്കാണ് കോടതി നിർദ്ദേശം നൽകിയത്. എറണാകുളം മരട് സ്വദേശി ഡോ മറിയാമ്മ അനിൽ കുമാർ സമർപ്പിച്ച എക്‌സിക്യൂഷൻ പെറ്റിഷനിൽ ആണ് ഉത്തരവ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 50 മുതൽ 100 ലിറ്റർ വെള്ളം വരെയാണ് ഒരാളുടെ പ്രതിദിന ജല ഉപഭോഗം. എന്നാൽ 2018 മെയ് മാസം മുതൽ 2019 ജനുവരി വരെയുള്ള എട്ടുമാസം വെറും 26 യൂണിറ്റ് വെള്ളമാണ് വാട്ടർ അതോറിറ്റി പരാതിക്കാരിക്ക് നൽകിയത്.
പൈപ്പിൽ നിന്ന് വെള്ളം കിട്ടുന്നില്ലെങ്കിലും മിനിമം വാട്ടർ ചാർജ് നൽകണമെന്നും വെള്ളം കിട്ടാതിരുന്നാൽ അതിനെ സംബന്ധിച്ച് വാട്ടർ അതോറിറ്റിക്കെതിരെ യാതൊരുവിധ പരാതിയും താൻ നൽകുന്നതല്ലെന്നും പ്രത്യേകമായ ഒരു ഉറപ്പ് വാട്ടർ അതോറിറ്റി കണക്ഷൻ നൽകുന്ന വേളയിൽ എഴുതി വാങ്ങിയിരുന്നു.
കുടിവെള്ളം ലഭിക്കുക എന്നത് ഭരണഘടനയിലെ 21 അനുച്ഛേദപ്രകാരം ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. അഡ്വ ജോർജ് ചെറിയാൻ പരാതിക്കാരിക്കുവേണ്ടി കോടതിയിൽ ഹാജരായി.
Read Also: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയ സംഭവം; ഇൻസ്‌പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ