വിമാനത്തിന്റെ എൻജിനുള്ളിൽ കുടുങ്ങിയ യുവാവ് മരിച്ചു. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിലാണ് അപകടം നടന്നത്. പാസഞ്ചർ ജെറ്റിൻ്റെ കറങ്ങുന്ന ടർബൈൻ ബ്ലേഡുകളിൽ കുടുങ്ങിയാണ് യുവാവ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിമാനം ഡെൻമാർക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. അതേസമയം മരിച്ചയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹബ്ബിൻ്റെ ടെർമിനലിന് പുറത്തുള്ള ഏപ്രണിലാണ് മരണം സംഭവിച്ചത്. വിമാനത്തിൽ നിന്ന് യാത്രക്കാരെ നീക്കം ചെയ്തതായും അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിൻ്റെ സുരക്ഷാ ചുമതലയുള്ള ഡച്ച് ബോർഡർ പൊലീസ് അറിയിച്ചു. ഹ്രസ്വ ദൂര എംബ്രയർ ജെറ്റ് വിമാനമാണിത്. ഷിഫോളിൽ ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ മാസം മാത്രം ഏകദേശം 50 ലക്ഷം യാത്രക്കാരെത്തിയ തിരക്കേറിയ വിമാനത്താവളമാണ് ഷിഫോൾ വിമാനത്താവളം.