ന്യൂഡൽഹി: വെറും 10 മിനിറ്റിൽ ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യാനായാൽ. കേട്ടിട്ട് തമാശയായി തോന്നുന്നുണ്ടല്ലേ. എന്നാൽ ഇത്തരം ഒരു അതിവേഗ ചാർജിങ് സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം.
അമേരിക്കയിലെ കൊളറാഡോ ബോൾഡർ സര്‍വകലാശാലയിലെ അന്‍കുര്‍ ഗുപ്‌തയും സംഘവും ആണ് ഈ അതുല്യ കണ്ടെത്തലിന് പിന്നില്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിവേഗ ചാര്‍ജിംഗും കൂടുതല്‍ ആയുസും. സൂപ്പര്‍കപ്പാസിറ്ററുകളിലൂടെയാണ് 10 മിനുറ്റ് കൊണ്ട് ഇലക്ട്രിക് കാര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവുന്നത്. ഇലക്ട്രോണിക് വാഹനങ്ങളിലും ഉപകരണങ്ങളിലും മാത്രമല്ല, പവര്‍ഗ്രിഡുകളിലും ഇത്തരം സൂപ്പര്‍കപ്പാസിറ്ററുകള്‍ ഉപയോഗിക്കാനാകും എന്ന് അന്‍കുര്‍ ഗുപ്‌ത പറയുന്നു. വൈദ്യുതോര്‍ജത്തിന്‍റെ കൂടുതല്‍ ഉപയോഗം ആവശ്യമായി വരുന്ന അവസരങ്ങളില്‍ സൂപ്പര്‍കപ്പാസിറ്ററുകള്‍ വൈദ്യുതിയുടെ വേഗവും കാര്യക്ഷമതയും ഉറപ്പാക്കും എന്നും അന്‍കുര്‍ ഗുപ്‌ത അവകാശപ്പെടുന്നു.
സൂപ്പർകപ്പാസിറ്ററുകൾ പോലെ കൂടുതൽ കാര്യക്ഷമമായ സംഭരണ സംവിധാനങ്ങള്‍ വരുംഭാവിയില്‍ വികസിപ്പിക്കാനാകും എന്നാണ് അന്‍കുര്‍ ഗുപ്‌തയുടെ പ്രതീക്ഷ. അന്‍കുറിന്‍റെ അവകാശവാദങ്ങള്‍ സത്യമെങ്കില്‍ ഇലക്ട്രിക് കാറുകളുടെ മേഖലയിലെ വിപ്ലവകരമായ കണ്ടുപിടുത്തമായിരിക്കും ഇപ്പോള്‍ നടന്നിരിക്കുന്നത്.