തിരുവനന്തപുരം: ജയിലുകളിൽ തടവുകാർ തിങ്ങിനിറഞ്ഞതോടെ കോളടിച്ചത് നിത്യ ക്രിമിനലുകൾക്ക്. ഓപ്പറേഷൻ-ആഗ്, ഓപ്പറേഷൻ-ഡി റെയ്ഡുകളിലൂടെ 12,000ത്തിലേറെ പേരെയാണ് ആറുദിവസത്തിനകം അറസ്റ്റ് ചെയ്തത്. ഇതിൽ 3000 കരുതൽ അറസ്റ്റാണ്. ഗുണ്ടാനിയമം (കാപ്പ) ചുമത്തിയവരടക്കം അഞ്ഞൂറിൽ താഴെ പേരെ മാത്രമാണ് ജയിലിലടച്ചതെന്നാണ് റിപ്പോർട്ട്. മറ്റുള്ളവരെ ദിവസവും സ്റ്റേഷനിലെത്തി ഒപ്പിടണം, നല്ലനടപ്പ് വ്യവസ്ഥകളിൽ വിട്ടയയ്ക്കുകയാണ്.
പൊലീസ് അറസ്റ്റ് ചെയ്യുന്ന ഗുണ്ടകളെയും ലഹരിക്കുറ്റവാളികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയാണ്. രാഷ്ട്രീയ ഇടപെടൽ ഇതിനു പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്.
സെൻട്രൽ ജയിലിലുകളിലടക്കം ശേഷിയുടെ ഇരട്ടിയിലേറെ തടവുകാരാണുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ പരോൾ റദ്ദാക്കി എല്ലാവരെയും തിരിച്ചുവിളിച്ചതാണ് പ്രതിസന്ധിയായത്.
ഗുണ്ടകളെ സംരക്ഷിക്കുന്നത് രാഷ്ട്രീയപ്പാർട്ടികളാണെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണിത്. ഇനിയും തടവുകാരെ കുത്തിത്തിരുകുന്നത് സുരക്ഷാഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. അതും കണക്കിലെടുത്താണ് ഗുണ്ടകളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുന്നത്. തീവ്രവാദി, മാവോയിസ്റ്റ് തടവുകാരെ പാർപ്പിക്കുന്ന വിയ്യൂർ അതിസുരക്ഷാജയിലിലും കണ്ണൂരിലെ ഗുണ്ടകളെ പാർപ്പിക്കുന്നു.പൂജപ്പുര സെൻട്രൽ ജയിലിലെ 12ബ്ലോക്കുകളിലും സെല്ലുകളിൽ ഇരട്ടിയിലേറെ തടവുകാരാണുള്ളത് കണ്ണൂരിലും വിയ്യൂരിലും ജില്ലാജയിലുകളിലുമെല്ലാം ഇതാണ് സ്ഥിതി.
തടവുകാർക്ക് നിൽക്കാനും ഇരിക്കാനും പോലും സ്ഥലമില്ല. ജയിലുള്ളവരിൽ 75ശതമാനത്തിലേറെ വിചാരണത്തടവുകാരാണ്. കാപ്പ ചുമത്തുന്ന കേമൻമാരും, മയക്കുമരുന്നുമായി പിടിയിലാവുന്നവരും, കള്ളക്കടത്തുകാരും കരുതൽ തടങ്കലിൽ കഴിയുന്നത് സെൻട്രൽ ജയിലിലാണ്. കാപ്പ ചുമത്തിയവരെ സ്വന്തം നാട്ടിൽ വിലസാതിരിക്കാൻ അന്യജില്ലകളിലാണ് പാർപ്പിക്കുന്നത്. തിരുവനന്തപുരത്തുള്ളവരെ തൃശൂരിലും അവിടെയുള്ളവരെ കണ്ണൂരിലും കണ്ണൂരുകാരെ തിരുവനന്തപുരത്തും. 115പേരെ പാർപ്പിക്കാവുന്ന അട്ടക്കുളങ്ങര വനിതാജയിലിൽ 49തടവുകാരും 2കുട്ടികളുമേയുള്ളൂ. പൂജപ്പുര സെൻട്രൽ: 1350 (727),വിയ്യൂർ സെൻട്രൽ: 1110(583),കണ്ണൂർ സെൻട്രൽ :1140(856),കോഴിക്കോട് ജില്ല:270 (190),പൂജപ്പുര ജില്ല:350 (280)