തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന കേന്ദ്ര തീരുമാനം വന്നതോടെ പണി കിട്ടിയത് മോട്ടോർ വാഹന വകുപ്പിന്. വകുപ്പിന്റെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായതോടെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് പോലും വണ്ടികളില്ലാതെ നട്ടം തിരിയുകയാണ് ഉദ്യോഗസ്ഥർ. കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു.
ഒരു എംവിഡി ഉദ്യോഗസ്ഥൻ ഒരു മാസം 150 നിയമ ലംഘനങ്ങൾ കണ്ടെത്തണം. രണ്ട് ലക്ഷം രൂപ പിഴ ഈടാക്കണമെന്നുമുള്ള ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. വാഹനമില്ലാതായതോടെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ 2019ലെ ഈ സർക്കുലർ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. വാഹനമില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ഇതുവഴി സർക്കാരിന് ലഭിക്കേണ്ട ഭീമമായ തുകയാണ് നഷ്ടമാകുന്നതെന്നും കത്തിലുണ്ട്.
ആർടി ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ പോലും ശരിയായി അന്വേഷിക്കാൻ കഴിയുന്നില്ല.