നിർണായക മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെ 19 റൺസിനു തോൽപ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത
ഡൽഹി– 20 ഓവറിൽ 4 വിക്കറ്റിന് 208 റൺസ് നേടിയപ്പോൾ ലക്നൗവിന് 189 റൺസ് നേടാനേ സാധിച്ചുള്ളൂ. സ്കോർ:. ഡൽഹി– 20 ഓവറിൽ 4 വിക്കറ്റിന് 208 , ലക്നൗ– 20 ഓവറിൽ 9 വിക്കറ്റിന് 189.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് കാര്യമായി പിഴച്ചില്ല. അഭിഷേക് പൊറെല്‍ (33 പന്തിൽ 58), ട്രിസ്റ്റൻ സ്റ്റബ്‌സ് (25 പന്തിൽ 57), ഷെയ് ഹോപ് (27 പന്തിൽ 38), ഋഷഭ് പന്ത് (23 പന്തിൽ 33), അക്ഷര്‍ പട്ടേല്‍ (10 പന്തിൽ 14) എന്നിവർ ഡൽഹിക്കായി തിളങ്ങി. ലക്നൗവിനായി നവീനുല്‍ ഹഖ് രണ്ടും രവി ബിഷ്നോയ്, അർഷദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ നിരയിൽ നിക്കോളാസ് പുരാൻ (27 പന്തിൽ 61) അടിച്ചു തകർത്തു എങ്കിലും പിന്തുണയുണ്ടായില്ല. അർഷദ് ഖാൻ (58), ക്രുനാൽ പാണ്ഡ്യ (18), യുധ്‌വിർ സിങ് (14) ക്വിന്റൻ ഡി കോക്ക് (12) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി. ഈ ജയത്തോടെ 14 പോയിന്റുമായി ഡൽഹി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
ഈ മത്സര ഫലത്തോടെ, രാജസ്ഥാൻ റോയൽസ് പ്ലേയ് ഓഫ് ഉറപ്പിച്ചു. നിലവിൽ രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 14 പോയിന്റുണ്ട്. ബാക്കിയുള്ളത് ഒരു മത്സരവും. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്. ഈ സാഹചര്യത്തിൽ, ആദ്യ നാലിന് പുറത്തുള്ള ഒരു ടീമിനും ഇനി 16 പോയിന്റിലെത്താന്‍ സാധിക്കില്ല