തൃശ്ശൂർ: ക്ഷേത്രത്തിലെ വഴിപാട് പണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ നമ്പർ ഉപയോഗിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി സന്തോഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ക്ഷേത്രത്തിലെ ബോർഡിൽ സ്വന്തം ഫോൺ നമ്പർ എഴുതി പ്രദർശിപ്പിച്ച് സന്തോഷ് തട്ടിപ്പു നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഈ ഫോൺ നമ്പർ വഴി വഴിപാടുപണം സ്വീകരിച്ചെന്ന് ദേവസ്വം ബോർഡിന്റെ വിജിലൻസ് സംഘം അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ സ്വീകരിക്കുന്ന പണം ദേവസ്വം ബോർഡിലേക്ക് അടയ്ക്കാറില്ലായിരുന്നു. ഇങ്ങനെ ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. അതേസമയം വകുപ്പുതല നടപടിയുണ്ടായെങ്കിലും സന്തോഷിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല.
2023 ഒക്ടോബറിലാണ് സന്തോഷിനെതിരെ പരാതി ലഭിച്ചത്. 2024 ഫെബ്രുവരിയിൽ ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. മെയ് എട്ടിന് ഈ റിപ്പോർട്ടിന്മേൽ സന്തോഷിനെതിരെ നടപടിയെടുക്കുകയായിരുന്നു. പരാതി ലഭിക്കുന്നതിന് മുമ്പേ തന്നെ സന്തോഷിനെ ക്ഷേത്ര ദേവസ്വം ഓഫീസർ സ്ഥാനത്തുനിന്ന് ഊരകം ദേവസ്വം ഓഫീസർ സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
Read Also: ഉപഭോഗം കൂടിയാൽ ഉടനടി അറിയാം; നിർമ്മിത ബുദ്ധിയിലൂടെ വൈദ്യുതി പാഴാക്കൽ തടയാൻ കെ.എസ്.ഇ.ബി