രണ്ടു ദിവസമായി സംസ്ഥാനത്തു ഒട്ടാകെ പെയ്യുന്ന മഴ ഇന്നും മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത ഏതാനും മണിക്കൂറുകളിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച രാത്രി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലെർട്ട് നൽകിയിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരുന്നു.