ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച് ബേക്കറി ഉടമക്ക് മർദനം. മലപ്പുറം പുട്ടനത്താണി തിരുനാവായ റോഡിലെ എൻജെ ബേക്കറിയിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. ഇന്നോവ കാറിൽ രാത്രി എത്തിയ നാലംഗ സംഘമാണ് അതിക്രമം നടത്തിയത്. നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
കാറിൽ എത്തിയ സംഘം രണ്ട് സാൻഡ്വിച്ചും രണ്ട് ഷവർമയുമാണ് ഓർഡർ ചെയ്തത്. പിന്നീട് അവർ സാൻഡ്‍വിച്ച് ഓർഡർ റദ്ദാക്കി. ഷവർമ്മ കൈമാറിയതിന് പിന്നാലെ ഒപ്പമുള്ള മുളകിന്റെ വലുപ്പത്തെ ചൊല്ലി സംഘം കടയിലെ ജീവനക്കാരുമായി തർക്കം ആരംഭിച്ചു. പിന്നാലെ കടയുടമ ഏത് നാട്ടുകാരനാണെന്ന് തിരക്കി. വയനാട് സ്വദേശിയാണെന്ന് പറഞ്ഞതോടെ അക്രമിച്ചെന്നാണ് പരാതി. വയനാട് കുന്നമ്പറ്റ സ്വദേശിയായ കരീമും മക്കളായ മുഹമ്മദ് സബീലും അജ്മലുമാണ് കടയിലുണ്ടായിരുന്നത്.
കാറിലുണ്ടായിരുന്ന വടിയെടുത്ത് അജ്മലിനെ അടിച്ച സംഘം തള്ളി വീഴ്ത്തി തലയ്ക്ക് ചവിട്ടുകയും ചെയ്തു. സബീലിനെ കടിച്ചും പരിക്കേൽപ്പിച്ചു. നാട്ടുകാർ ഓടിക്കൂടിയതോടെ നാലംഗ സംഘം സ്ഥലത്ത് നിന്ന് മുങ്ങി. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽപ്പഞ്ചേരി സ്വദേശികളായ ജനാർദനൻ (45), സത്താർ (45), മുഹമ്മദ് ഹനീഫ് (45), മുജീബ് (45) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
Read More: കുടുംബ വഴക്ക്; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്