പാനൂർ വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് കേരളത്തെ ഞെട്ടിച്ച കൊടും ക്രൂരത പാനൂരിൽ നടന്നത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. പാനൂർ വള്ള്യായിലെ വീട്ടിൽ പൊന്നാനി സ്വദേശിയായ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന പ്രതി ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.
പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും അതിവേഗം പൂർത്തിയാക്കിയ കേസാണിത്. 2023 സെപ്റ്റംബർ 23 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുൻപാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളാണുള്ളത്. കേസിൽ പ്രധാന സാക്ഷി വീഡിയോ കോളിൽ സംസാരിച്ചിരുന്ന സുഹൃത്താണ്. ശ്യാജിത് കയറി വന്നത് വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ആ 13 സെക്കന്‍റ് ദൃശ്യമാണ് കേസിന്റെ നിർണായക തെളിവ്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട് . ശ്യംജിത് ബൈക്കിൽ വന്നതിനും സാക്ഷികളുണ്ട്.