കടുത്ത വേനലിൽ വലിയ വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കി പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വർധിക്കുന്ന സാഹചര്യത്തിൽ, ലോഡ് കൂടുന്ന മേഖലകളിലാണ് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയത്. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം ബോർഡ് വീണ്ടും സർക്കാരിനു റിപ്പോർട്ട് നൽകുന്നതാണ്.
നിയന്ത്രണം ഇങ്ങനെ:
- രാത്രി 10 മുതൽ പുലർച്ചെ 2 വരെ വൻകിട വ്യവസായങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കണം.
- ഈ സമയം ഒഴിവാക്കിക്കൊണ്ട് ജല അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം.
- ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും ഈ സമയത്തു പ്രവർത്തിപ്പിക്കാൻ പാടില്ല.
- രാത്രി 9 കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ ലൈറ്റുകളും ഓഫ് ചെയ്യണം.
- ഗാർഹിക ഉപയോക്താക്കൾ എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളിൽ സെറ്റ് ചെയ്യണം.
- പീക് ലോഡ് സമയത്ത് അനാവശ്യ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കണം.
Read More: വയനാട്ടിൽ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം; റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു