തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസത്തിൽ പോളിങ്ങ് ബൂത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ 51,000 രൂപക്ക് ഉടമ വരാത്തതിനെ തുടര്‍ന്ന് പണം ട്രഷറിയിലേക്ക് മാറ്റി. മലയിന്‍കീഴിലാണ് വോട്ടെടുപ്പിനിടെയാണ് ബൂത്തിന് സമീപത്ത് നിന്ന് പണം കണ്ടെത്തിയത്. ഉടമയെ തിരിച്ചറിയാത്തതിനാൽ തുക മലയിന്‍കീഴ് ട്രഷറിയിലേക്ക് മാറ്റുകയായിരുന്നു.
മച്ചേല്‍ എല്‍പി സ്‌കൂളില്‍ തിരഞ്ഞെടുപ്പ് ദിവസം രാവിലെയോടെയാണ് സംഭവം. ബൂത്തിന് സമീപത്തെ പടിക്കെട്ടില്‍ നിന്നാണ് 51,000 രൂപ കണ്ടെത്തിയത്. തുക എങ്ങനെ അവിടെയെത്തി എന്ന കാര്യത്തിലും ഇത് ആരുടേതാണെന്ന് കണ്ടെത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.
കണ്ടെത്തിയ തുകയിൽ 500ന്റെ നോട്ടുകളാണ് അധികം ഉണ്ടായിരുന്നത്. മൂന്നാല് നോട്ടുകള്‍ മാത്രം ഇരുന്നൂറിന്റെയും നൂറിന്റെയും ഉണ്ടായിരുന്നത്. നോട്ടുകള്‍ ഒരുമിച്ച് വെച്ച് റബ്ബര്‍ ബാന്‍ഡ് ഇട്ട നിലയിലായിരുന്നു. രാവിലെ 8.30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന വോട്ടറാണ് പണം ആദ്യം കണ്ടത്.