കൊച്ചി: സംസ്ഥാനത്ത് എൻസിഇആർടി പാഠപുസ്തകങ്ങൾ കിട്ടാനില്ല. സിബിഎസ്ഇ സ്കൂളുകളിൽ 9, 10, 12 ക്ലാസുകൾ തുടങ്ങിയതോടെ പുസ്തകങ്ങൾക്കായി അധ്യാപകരും രക്ഷിതാക്കളും അടക്കം പരക്കം പായുകയാണ്. ജനുവരിയിൽ അച്ചടിച്ച പുസ്തകങ്ങൾ ജനുവരിയിൽ വിപണിയിൽ എത്തേണ്ടതാണ്. എന്നാൽ 3 മാസങ്ങൾക്കു ശേഷവും കിട്ടിയിട്ടില്ല. എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കി സ്വകാര്യ പബ്ലിഷിങ് കമ്പനികൾ പുറത്തിറക്കുന്ന പാഠപുസ്തകങ്ങൾ വിപണിയിലുണ്ട്. എന്നാൽ ഇവ വലിയ വില കൊടുത്തു വാങ്ങാൻ ഭൂരിഭാഗം രക്ഷിതാക്കൾക്കും സാധിക്കുന്നില്ല. പ്രമുഖ പാഠപുസ്തകശാലകൾ പലതും സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ വിൽക്കാൻ തയാറാകുന്നുമില്ല. വിപണിയിൽ യഥേഷ്ടം ലഭ്യമാകുന്ന, പുസ്തകങ്ങളുടെ വ്യാജപ്പകർപ്പുകൾ വാങ്ങിയാണു പലരും പ്രശ്നത്തിനു പരിഹാരം കാണുന്നത്. ഫലത്തിൽ അംഗീകൃത പാഠപുസ്തക വിൽപനശാലകൾക്ക് 1000 കോടിയിലേറെ രൂപയുടെ വിൽപന നഷ്ടം. ഈ അധ്യയന വർഷം മുതൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലുള്ള പുസ്തകങ്ങളാകും ഉണ്ടാവുകയെന്നു കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിരുന്നു. ഇതേത്തുടർന്നുള്ള ആശയക്കുഴപ്പങ്ങളാണു പുസ്തക വിതരണത്തെ ബാധിച്ചത്. ഡൽഹിയിൽ അച്ചടിക്കുന്ന പാഠപുസ്തകങ്ങൾ ബെംഗളൂരുവിലെ റീജനൽ ഡിപ്പോയിൽ എത്തിച്ചാണു തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ പുസ്തകശാലകൾക്കു വിതരണം ചെയ്യുന്നത്. എന്നാൽ, ഇത്തവണ ഡിപ്പോയിൽ പുസ്തകം എത്തിയിട്ടില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു പുസ്തകശാല ഉടമകൾ പറയുന്നു.