കൊച്ചി: അടിമുടി പിശകുമായി എറണാകുളം ജില്ലയിലെ വോട്ടർ പട്ടിക. മരിച്ചുപോയവർ മുതൽ സ്ഥലം മാറി പോയവർ വരെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ പേരുകളിലാണ് ഗുരുതര പിഴവുകൾ കണ്ടെത്തിയത്. പേരുകളിൽ അക്ഷരത്തെറ്റുകളും വ്യാപകമായി കണ്ടെത്തി. പട്ടികയിൽ പലയിടത്തും മലയാളത്തിനുപകരം തമിഴ്ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടി പരാതി നൽകാനൊരുങ്ങുകയാണ് രാഷ്ട്രീയപാർട്ടികൾ. ബൂത്ത് ലെവൽ ഓഫിസർമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും കൂടിയിരുന്ന് തയ്യറാക്കിയ ലിസ്റ്റുകളിലാണ് തെറ്റുകൾ കയറിക്കൂടിയത്. ഇവർ ഒഴിവാക്കാൻ ആവശ്യപ്പെട്ട പേരുകൾ ഒഴിവാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്ത പേരുകളിലാണ് മരിച്ചുപോയവരുടേയും ജില്ല മാറിപ്പോയവരുടേയും പേരുവിവരങ്ങളും അക്ഷരത്തെറ്റുകളും വന്നിരിക്കുന്നത്.









