എൻജിൻ നിലച്ച് വള്ളവുമായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പോലീസ്. പൂന്തുറ സ്വദേശി ജോസ്, കന്യാകുമാരി സ്വദേശി ജനിഫർ എന്നിവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. മിൻവല വിരിച്ചശേഷം വള്ളം തിരിക്കാൻ ശ്രമിക്കവെ എൻജിൻ നിലക്കുകയായിരുന്നു. ശക്തമായ കടൽക്കാറ്റും തിരയുമായി വള്ളം തുഴയാനാകാതെ വന്നതോടെ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലിസിൻ്റെ സഹായം തേടുകയായിരുന്നു. തുടർന്ന്, പട്രോളിങ് ബോട്ടിലെത്തിയ പോലീസ് സംഘം ഇവരെ രക്ഷിച്ച് കരയിലെത്തിച്ചു. വള്ളവും ഇവർ കെട്ടിവലിച്ച് വിഴിഞ്ഞം തീരത്തെത്തിച്ചു. എസ്. ഐ. ജോയി, പോലിസ് ഉദ്യോഗസ്ഥരായ ശ്രീക്കുട്ടൻ, ബിജി, കോസ്റ്റൽ വാർഡൻ തദയൂസ് എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. പൂന്തുറ സ്വദേശി വിൽഫ്രഡിൻ്റെ വള്ളത്തിലാണ് ഇരുവരും കടലിൽ പോയത്.









